
കോട്ടയം. ലാറ്റെക്സിന്റെ വില ഇടിഞ്ഞതോടെ റബര്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി. നാല് മാസം മുന്‍പ് 160 രൂപയുണ്ടായിരുന്ന ലാറ്റെക്സിന്റെ വില 124 രൂപയായി. കൊവിഡ് കാലത്ത് ഗ്ലൗസിനും മറ്റും ഉപയോഗം വര്‍ദ്ധിച്ചതോടെ ലാറ്റെക്സിന് ആവശ്യക്കാർ ഏറിയിരുന്നു. അതോടെ വില വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ കൂടുതല്‍ സംഭരിച്ചിരുന്നു. എന്നാൽ കോമ്പൗണ്ട് റബറിന്റെയും ലാറ്റെക്സിന്റെയും ഇറക്കുമതി ആരംഭിച്ചത് പ്രതിസന്ധി സൃഷ്ടിച്ചു. ലാറ്റെക്സ് ഉപയോഗിക്കുന്ന കമ്പനികള്‍ കോമ്പൗണ്ട് റബറിലേക്ക് മാറി. ഗ്ലൗസ് നിര്‍മ്മാണ കമ്പനികളാണ് ലാറ്റെക്സ് കൂടുതലായി ഉപയോഗിച്ചിരുന്നത്. കൊവിഡാനനന്തരം ഗ്ലൗസിന്റെ ഉപയോഗം കുറഞ്ഞതോടെ, ആവശ്യത്തിലധികം സ്റ്റോക്ക് ഉള്ളതിനാല്‍ പുതിയത് എടുക്കാത്ത സ്ഥിതിയായി. മെത്ത നിര്‍മ്മാണ കമ്പനികളും കോമ്പൗണ്ട് റബറിലേക്ക് മാറി. ഇതോടെ, കര്‍ഷകര്‍ സംഭരിച്ച ലാറ്റെക്സ് കമ്പനികള്‍ ആർക്കും വേണ്ടാതായി. തോട്ടത്തിലെ വീപ്പകളില്‍ ലാറ്റെക്സ് കെട്ടിക്കിടക്കുന്ന സ്ഥിതിയാണിപ്പോൾ.
ഇടക്കാലത്ത് ഷീറ്റിനെക്കാള്‍ വില ലാറ്റെക്സിന് വന്നതോടെ കമ്പനികള്‍ മത്സരിച്ചാണ് വില വര്‍ദ്ധിപ്പിക്കുകയും എടുക്കുകയും ചെയ്തിരുന്നത്. ചെറിയ തോതില്‍ സംഭരിച്ചിരുന്ന കമ്പനികള്‍ വില വര്‍ദ്ധിച്ചതോടെ വാങ്ങാൻ സാധിക്കാതെ പൂട്ടിപ്പോവുക പോലും ചെയ്തിരുന്നു.
കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി വര്‍ദ്ധിച്ചത് ടയര്‍ കമ്പനികൾ ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലയെയും പ്രതികൂലമായി ബാധിക്കുന്നു. സ്വഭാവിക റബറിന്റെ പ്രോസസിംഗ് സംവിധാനം കുറയുന്നതിനിടയാക്കി. കോമ്പൗണ്ട് റബര്‍ ഇറക്കുമതി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നത് വന്‍കിട കമ്പനികള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാകുന്നതിനപ്പുറം വ്യാവസായിക മേഖലയ്ക്കും കാര്‍ഷികമേഖലയ്ക്കും ഗുണമാകില്ല.
സർക്കാരിനും നഷ്ടം.
60 ശതമാനം റബറും കെമിക്കലും ചേർത്ത് പ്രത്യേക രീതിയില്‍ പ്രോസസ് ചെയ്തതാണ് കോമ്പൗണ്ട് റബർ. മലേഷ്യ, തായ്‌ലെന്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഇത് ഇറക്കുമതി ചെയ്യുന്നത്. സ്വഭാവിക റബര്‍ ഇറക്കുമതിക്ക് നികുതി 25 ശതമാനം ഉള്ളപ്പോൾ കോമ്പൗണ്ട് റബറിന് 10 ശതമാനം മതി. നികുതി ലാഭം ഉണ്ടായതിനെ തുടര്‍ന്ന്, സ്വഭാവിക റബര്‍ ഇറക്കുമതി ചെയ്തിരുന്ന ടയര്‍ കമ്പനികള്‍ ഉള്‍പ്പെടെ കോമ്പൗണ്ടിലേയ്ക്ക് മാറി. വന്‍കിട കമ്പനികള്‍ക്ക് ഇത് നേട്ടമാണ്. എന്നാൽ സർക്കാരിന് നികുതി നഷ്ടമാണ് സംഭവിക്കുക.
ചങ്ങനാശേരി, കോട്ടയം റീജിയണുകളിലെ റബര്‍ ഉല്പാദക സംഘങ്ങൾ പറയുന്നു.
അനിയന്ത്രിതമായ ലാറ്റക്സിന്റെയും റബര്‍ കോമ്പൗണ്ടിന്റെയും ഇറക്കുമതിയാണ് വിലയിടിവിന് കാരണം. റബര്‍ കോമ്പൗണ്ടിന്റെ ഇറക്കുമതി ചുങ്കം 40 ശതമാനമായി വര്‍ദ്ധിപ്പിക്കുകയും കേരള സര്‍ക്കാര്‍ നടത്തിവന്നിരുന്ന റബര്‍ കര്‍ഷകര്‍ക്കുള്ള വിലസ്ഥിരതാ പദ്ധതി പുനരാരംഭിക്കുകയും വേണം.