art

കോട്ടയം. വീടുകളുടെ ചുറ്റുമതിലുകളിൽ വരയുടെ വർണവസന്തമൊരുക്കി മറവൻതരുത്ത് പഞ്ചായത്തിൽ 'ആർട് സ്ട്രീറ്റ്' പ്രവർത്തനങ്ങൾക്കു തുടക്കം. ഉത്തരവാദിത്ത ടൂറിസം മിഷനാണ് 'കലയുടെ തെരുവ്' ഒരുക്കുന്നത്. കൂട്ടുമേൽ മുതൽ മൂഴിക്കൽ വരെയുള്ള ഭാഗത്താണ് ചിത്രരചന.
തദ്ദേശവാസികളുടെ മതിലിൽ പ്രതിഫലമൊന്നുമില്ലാതെയാണ് കലാകാരന്മാർ ചിത്രങ്ങളൊരുക്കുന്നത്. സന്നദ്ധരായ വീട്ടുകാർ പെയിന്റു വാങ്ങി നൽകിയാൽ മതി.

സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേർന്നു പ്രവർത്തിക്കുന്ന യുവജന കൂട്ടായ്മ 'ക്യാപ്ടൻസ് സോഷ്യൽ ഫൗണ്ടേഷൻ' ആണ് ആർട്ട് സ്ട്രീറ്റ് തയാറാക്കുന്നത്. ഇന്ത്യയിലെ വിവിധ ക്യാമ്പസുകളിൽനിന്നും വിവിധ പ്രദേശങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കലാപ്രവർത്തകരാണിവർ.
വിദ്യാർത്ഥികളും അദ്ധ്യാപകരുമായ ചിത്രകലാപ്രവർത്തകർ, സ്ഥാപനം നടത്തുന്നവർ, തെരുവിൽ ചിത്രം വരയ്ക്കുന്നതു സാമൂഹിക പ്രതിബദ്ധതയായി കാണുന്നവർ തുടങ്ങി വലിയ കൂട്ടായ്മയാണ് ഇതിനായി കുലശേഖരമംഗലം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ മൂന്നുദിവസമായി നടന്ന ക്യാമ്പിൽ പങ്കെടുത്തത്.

പൂർത്തിയാക്കാൻ 3 മാസം.
മൂന്നുമാസം കൊണ്ട് ആർട്ട് സ്ട്രീറ്റ് പൂർത്തിയാക്കുകയാണു ലക്ഷ്യം. കടൂക്കര വിജ്ഞാന പ്രദായനി വായനശാല, കുലശേഖരമംഗലം ഗവൺമെന്റ് എൽ.പി.സ്‌കൂൾ, സ്വകാര്യവ്യക്തികളുടെ ചുവരുകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടം. കൂട്ടുമേൽ മുതൽ വാട്ടർ സ്ട്രീറ്റ് ആയ മൂഴിക്കൽ വരെ എത്തിച്ചേരും വിധം എല്ലാ ചുവരുകളിലും വ്യക്തികളുടെ അനുമതിയോടെ ചിത്രം വരയ്ക്കും.

മറവൻതുരുത്തിലെ പക്ഷികൾ, ചിത്രശലഭങ്ങൾ, ചരിത്രം, ആറ്റുവേലയും തീയാട്ടും ഗരുഡൻതൂക്കവും ഉൾപ്പെടെയുള്ള ഉത്സവങ്ങൾ, കള്ളുചെത്തും ഓലമെടയലും വലവീശലും അടക്കമുള്ള പരമ്പരാഗത തൊഴിലുകൾ എന്നിങ്ങനെ തുരുത്തിന്റെ ടൂറിസം റിസോഴ്‌സ് ഡയറക്ടറിയിൽ ജനകീയമായി കണ്ടെത്തി അടയാളപ്പെടുത്തിയവയാണ് ആർട് സ്ട്രീറ്റിൽ വരച്ചിടുന്നത്.

ഉത്തരവാദിത്വ ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ പറയുന്നു.

ടൂറിസം മേഖലയിൽ ജനകീയ ബദലുകൾ സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെയാണ് ആർട്ട് സ്ട്രീറ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.