കോട്ടയം: മുട്ടുചിറയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെ മുട്ടുചിറ പട്ടാളമുക്കിലായിരുന്നു അപകടം. കോട്ടയത്ത് നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോയ ഗുഡ് വിൽ ബസും എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് വന്ന ആവേമരിയ ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുബസിലെയും പരിക്കേറ്റ 31 ഓളം യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ബസുകളുടെ മുൻഭാഗം പൂർണമായും തകർന്നു. അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമാനൂർ, കടുത്തുരുത്തി പൊലീസ് സ്ഥലത്തെത്തി.