ചങ്ങനാശേരി: പുതിയതായി ആരംഭിച്ച വെളിച്ചെണ്ണ മില്ലിന് തീപിടിച്ച് ഒരുലക്ഷം രൂപയുടെ നാശനഷ്ടം. ചങ്ങനാശേരി മാർക്കറ്റിൽ പുളിയരി വ്യാപാരം നടത്തുന്ന മതിച്ചിപറമ്പിൽ ജയിംസ് ജേക്കബ് (ദേവസ്യ)യുടെ ഉടമസ്ഥയിലുള്ള മില്ലിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. രാവിലെയാണ് മിൽ പ്രവർത്തനം ആരംഭിച്ചത്. ഇതിനായി ക്വിന്റൽ കണക്കിന് കൊപ്രയും എത്തിച്ചിരുന്നു. 10 ക്വിന്റൽ കൊപ്ര ഉണങ്ങുന്നതിനായി ഡ്രെയറിൽ ഇട്ടശേഷം ചിരട്ട തീ കത്തിച്ചിരുന്നു. ഇവിടെ നിന്നും തീ കൊപ്രയിലേക്ക് പടരുകയായിരുന്നു.
മാർക്കറ്റിലെ ലോഡിംഗ് തൊഴിലാളികളും വ്യാപാരികളും ചേർന്ന് വെള്ളം കോരിയൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്ന് അഗ്നിശമനസേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ചങ്ങനാശേരി,കോട്ടയം, തിരുവല്ല എന്നിവിടങ്ങളിൽ നിന്നും അഗ്നിശമനസേന യൂണിറ്റുകൾ എത്തിയിരുന്നു. ഒന്നരമണിക്കൂറാേളം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.