ചങ്ങനാശേരി: ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷിക്കുന്നതിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെയും യൂത്ത്മൂവ്‌മെന്റിന്റേയും സംയുക്താഭിമുഖ്യത്തിൽ സെപ്തംബർ 4ന് ചതയദിന സന്ദേശ വിളംബര രഥ ഘോഷയാത്ര നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് കുറിച്ചി അദ്വൈതാശ്രമത്തിൽ നിന്നും ആരംഭിച്ച് കടയനിക്കാട് വരെ നടക്കുന്ന ഘോഷയാത്രയിൽ 1001 ഇരുചക്ര വാഹനങ്ങൾ അണിനിരക്കും. ഘോഷയാത്ര കുറിച്ചി അദ്വൈതാശ്രമത്തിൽ നിന്നും പുറപ്പെട്ട് മന്ദിരം കവല, കുറിച്ചി, തുരുത്തി, മതുമൂല, ചങ്ങനാശേരി, കുരിശുംമൂട്, തെങ്ങണ, മാമ്മൂട്, കറുകച്ചാൽ, നെടുംകുന്നം, പത്തനാട് തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ശാഖകളുടേയും വനിതാസംഘം, കുടുംബയോഗം തുടങ്ങി വിവിധ പോഷക സംഘടനകളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം 5ന് കടയനിക്കാട് ശാഖാങ്കണത്തിൽ സമാപിക്കും. വിളംബര രഥഘോഷയാത്ര വിജയിപ്പിക്കുന്നതിനാവശ്യമായ നടപടികൾ എല്ലാ ശാഖകളും സ്വീകരിക്കണമെന്ന് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അറിയിച്ചു.