കമ്പനിക്കടവ് പാലത്തിന് ശാപമോക്ഷം
ഏറ്റുമാനൂർ: ഒടുവിൽ ക്ഷാപമോഷം. മീനച്ചിലാറിന് കുറുകെ ഏറ്റുമാനൂർ പുതുപ്പള്ളി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുന്നത്തുറ കമ്പനിക്കടവ് പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കും. പാലം നിലവിൽ അപകടാവസ്ഥയിലാണ്. ഇതോടെ പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഏറെക്കാലമായി രംഗത്തുണ്ട്. മന്ത്രി വി.എൻ വാസവൻ വിഷയത്തിൽ ഇടപെട്ടതോടെയാണ് പുതിയ പാലം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചത്. പാലത്തിന്റെ പടിഞ്ഞാറ് ഭാഗം ഏറ്റുമാനൂർ നഗരസഭയിലും കിഴക്ക്ഭാഗം അയർക്കുന്നം പഞ്ചായത്തിലുമാണ്. മോൻസ് ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ഇവിടെ പുതിയ പാലം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാലം നിർമ്മിക്കുന്നതിന് മുൻപ് എട്ട് കോടി രൂപ അനുവദിച്ചുവെങ്കിലും ടെൻഡർ നടപടികൾ പൂർത്തിയാക്കാനായില്ല. എസ്റ്റിമേറ്റ് തയ്യാറാക്കി അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പിനുള്ള നടപടികളും തുടങ്ങിയതാണ്. പണിമുടങ്ങിയതോടെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടത്തിയിരുന്നു. സമരത്തെ തുടർന്ന് പാെതുമരാമത്ത് വകുപ്പ് പഴയ എസ്റ്റിമേറ്റ് പുന:പരിശോധിച്ച് മാറ്റങ്ങൾ വരുത്തി. പതിമൂന്ന് കാേടി രൂപയാണ് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം പുതിയപാലം നിർമ്മാണത്തിന് വേണ്ടിവരിക.
കരാർ ഏറ്റെടുത്തു
ടെന്റർ നടപടികൾ പൂർത്തിയായി പാലം പണി കരാറുകാരൻ ഏറ്റെടുത്തുത്തു. പഴയ പാലം പൊളിക്കുന്നതിനുള്ള തടസമാണ് പാലം പണി വൈകുന്നത്. പാലം പൊളിക്കുന്നതിനുള്ള തുക എസ്റ്റിമേറ്റിൽ കുറവായതിനാൻ അത് ഉയർത്തുന്നതിനുള്ള നടപടികൾ
നടക്കുകയാണ്.
പുന്നത്തുറ കരക്കാരുടെ അഭിലാഷമായ കമ്പനിക്കടവ് പാലം പണി ഉടൻ ആരംഭിക്കും. തടസ്സങ്ങൾ എല്ലാം പെട്ടന്ന് തന്നെ തീർക്കും.
മന്ത്രി വി എൻ വാസവൻ
പാലം പൂർത്തിയായാൽ എറ്റുമാനൂർ ടൗണിലെത്താതെ കിഴക്ക് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് മെഡിക്കൽ കോളേജ്, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് വേഗത്തിൽ യാത്ര ചെയ്യാം. അത് ഏറ്റുമാനൂർ ടൗണിലെ ഗതാഗതക്കുരുക്കിന് ചെറിയ ആശ്വാസമാകും.
ജോളി എട്ടുപറ (സമര സമിതി ചെയർമാൻ)