വൈക്കം : തെരുവു നായ്ക്കളുടെ ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വൈക്കത്തെ വിവിധ മേഖലകളിലെ റസിഡൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി. തെരുവു നായ്ക്കളെ സുരക്ഷിത കേന്ദ്രങ്ങളിൽ പാർപ്പിക്കുക, നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് കാര്യക്ഷമമാക്കുക, എ.ബി.സി പ്രോഗ്രാം കാര്യക്ഷമമാക്കുക , പട്ടി കടിയേറ്റവർക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്. സമരസമിതി കൺവീനർ പി.സോമൻപിള്ള സമരം ഉദ്ഘാടനം ചെയ്തു. ഹരിതാ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ചന്ദ്രബാബു എടാടൻ അദ്ധ്യക്ഷത വഹിച്ചു. കെ.ശിവപ്രസാദ്, പി.എം.സന്തോഷ് കുമാർ ,കെ.കെ.സജീവോത്തമൻ, അജിത്ത് വർമ്മ, വി.കെ ഷാജി , മഞ്ചേഷ്, സുനിൽ മാടവന എന്നിവർ പ്രസംഗിച്ചു. നഗരസഭ ചെയർപേഴ്‌സന് നിവേദനവും സമർപ്പിച്ചു.