municipal

കോട്ടയം. തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സ് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനായി കോട്ടയം നഗരസഭാ അധികൃതർ വീണ്ടുമെത്തിയെങ്കിലും വ്യാപാരികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് മടങ്ങി. ഇന്നലെ 11.15 ഓടെ ന​ഗരസഭ സെക്രട്ടറി ഇൻ ചാർജ് അനില അന്ന വർ​ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റാൻഡിലെത്തിയത്. എന്നാൽ രാവിലെ തന്നെ നൂറുകണക്കിന് വ്യാപാരികൾ സ്റ്റാൻഡിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ, ബസ് സ്റ്റാൻഡ് സംരക്ഷണ സമിതി, ടാക്സി ഡ്രൈവേഴ്സ് കോ ഒാർഡിനേഷൻ കമ്മിറ്റി, കടമുറി ലൈസൻസികൾ, അവരുടെ കുടുംബങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പൊലീസ് സംരക്ഷണമുണ്ടായിട്ടും വ്യാപാരികൾ വഴങ്ങിയില്ല. തോമസ് ചാഴിക്കാടൻ എംപിയും ഭരണ-പ്രതിപക്ഷ കൗൺസിലർമാരും പ്രതിഷേധത്തിന് പിന്തുണയുമായി എത്തി. കോംപ്ലക്സ് പൊളിക്കുന്നതിനെതിരെ വ്യാപാരികൾ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ, 29ന് വാദം വച്ചിട്ടുണ്ട്. അതുവരെ നടപടികളിൽ നിന്ന് പിന്മാറണമെന്നാണ് അവരുടെ ആവശ്യം. അതേസമയം, ഉത്തരവിന്മേൽ എന്ത് നടപടിയെടുത്തുവെന്ന് ന​​ഗ​രസഭ ഹൈക്കോടതിയെ 31ന് മുമ്പ് അറിയിക്കണം.

തോമസ് ചാഴിക്കാടൻ എം.പി പറയുന്നു.

വ്യാപാരികൾ പറയുന്നതാണ് ന്യായം. കോടതി തീരുമാനം ഉണ്ടാകുന്നതുവരെയെങ്കിലും ന​​ഗരസഭ കാത്തുനിൽക്കണം

വ്യാപാര വ്യവസായ ഏകോപന സമിതി ജില്ലാ പ്രസിഡ​ൻ്റ് എം കെ തോമസ്കുട്ടി പറയുന്നു.

സുപ്രീം കോടതിയുടെ വിധി വരും മുമ്പ് തിടുക്കം കാണിക്കുന്നത് ന​ഗരസഭയുടെ ധാർഷ്ട്യമാണ്.

ന​ഗരസഭ സെക്രട്ടറി ഇൻ ചാർജ് അനില അന്ന വർ​ഗീസ് പറയുന്നു.

ഒഴിപ്പിക്കൽ നടപടി തടസപ്പെടുത്തിയെന്നറിയിച്ച് വക്കീൽ മുഖേന കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.