കോട്ടയം: തുടൽ പൊട്ടിച്ചെത്തിയ വളർത്തുനായയുടെ കടിയേറ്റ് അദ്ധ്യാപികയ്ക്ക് പരിക്ക്. തലയോലപ്പറമ്പ് മിഠായിക്കുന്നം എൽ.പി സ്‌കൂളിലെ അദ്ധ്യാപിക ശാലിനി (38) നാണ് കടിയേറ്റത്. ഇന്നലെ രാവിലെ 9.45ഓടെ വെട്ടിക്കാട്ടുമുക്കിൽ ഡി.ബി കോളേജിന് സമീപമാണ് സംഭവം. വെട്ടിക്കാട്ട്മുക്കിൽ ബസ് ഇറങ്ങിയ ശേഷം അദ്ധ്യാപിക സ്‌കൂളിലേക്ക് നടക്കുന്നതിനിടെയാണ് സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബം വളർത്തുന്ന നായ ആക്രമിച്ചത്. അദ്ധ്യാപികയെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേ വിഷബാധ സംശയിക്കുന്ന നായ മിഠായിക്കുന്ന് ഭാഗത്തെത്തി തെരുവുനായ്ക്കളെ കടിയ്ക്കുകയും നായയെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് തലയോലപ്പറമ്പ് പഞ്ചായത്തിലെ ഉമ്മാംകുന്ന്, പാറകണ്ടം, കോരിക്കൽ, വടയാർ, പഞ്ചായത്ത് ജംഗ്ഷൻ എന്നിവിടങ്ങളിൽ പേ വിഷബാധയുള്ള തെരുവ്‌നായ 10 പേരെ കടിച്ചു പരിക്കേൽപിച്ചിരുന്നു.