പാലാ: പുലിയന്നൂർ വാഴൂർ റോഡിൽ മുത്തോലിയിൽ മഴക്കാലത്ത് രൂപം കൊള്ളുന്ന വെള്ളകെട്ടിന് ശാശ്വത പരിഹാരം കണ്ടെത്താൻ വഴിതെളിയുന്നു. ഇവിടെയുള്ള കലുങ്ക് ഉയരംകൂട്ടി പുനർനിർമ്മിക്കാൻ നടപടിയായെന്നും ഇതിനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചതായും ജോസ്.കെ.മാണി എം.പി അറിയിച്ചു. ഈ ഭാഗത്ത് മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് ഗതാഗതവും കാൽനടയാത്രയും തടസപ്പെടുക പതിവാണ്. ഉയർന്ന നിലവാരത്തിൽ നിർമ്മിച്ച റോഡ് വളരെയേറെ നീളത്തിൽ തകർന്ന് തരിപ്പണമായ നിലയിലാണ്. എൽ.ഡി.എഫ് മുത്തോലി പ്രാദേശിക നേതൃത്വം നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് പഞ്ചായത്ത് അംഗം രാജൻ മുണ്ടമറ്റം അറിയിച്ചു.