കോട്ടയം: കുടുംബശ്രീയുടെ ഓണച്ചന്തകൾ സെപ്തംബർ ഒന്ന് മുതൽ ഏഴുവരെ ജില്ലയിലെ വിവിധ ഇടങ്ങളിൽ നടക്കും. ജില്ലാതല വിപണനമേള നാലുവരെ തിരുനക്കര മൈതാനത്ത് വിപുലമായ തോതിൽ നടക്കും. വൈക്കം ബ്ലോക്കിലെ കുടുംബശ്രീ യൂണിറ്റുകളെ ഉൾപ്പെടുത്തി മൂന്നുമുതൽ ഏഴുവരെ ജില്ലാതല വിപണനമേള നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിലാണ് ഓണച്ചന്തകൾ. ജില്ലയിലെ 78 കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ മൂന്നുമുതൽ അഞ്ചുദിവസം വരെ ഓണച്ചന്തകൾ നടത്തും. കുടുംബശ്രീ സൂക്ഷ്മസംരംഭങ്ങളിൽനിന്നും സംഘകൃഷി ഗ്രൂപ്പുകളിൽ നിന്നുമുള്ള വിവിധയിനം ഉൽപന്നങ്ങളാണ് ഓണച്ചന്തയെ സമ്പന്നമാക്കുന്നത്. പായസം, ശർക്കരവരട്ടി, ഉപ്പേരി, പുളിയിഞ്ചി, കാളൻ, തദ്ദേശീയ ഭക്ഷ്യ ഉൽപന്നങ്ങൾ, അച്ചാറുകൾ, കാർഷിക ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വിവിധ തരം ബാഗുകൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, സോപ്പുകൾ, സോപ്പുൽപന്നങ്ങൾ എന്നിവ സ്റ്റാളുകളിൽ ലഭ്യമാകും.