കറുകച്ചാൽ: 15 വർഷങ്ങൾ പിന്നിട്ടിട്ടും മിഴി തുറക്കാതെ കറുകച്ചാൽ സെൻട്രൽ ജംഗ്ഷനിലെ സിഗ്നൽ ലൈറ്റുകൾ. സിഗ്‌നൽ സ്ഥാപിച്ചതിന് ശേഷം ഒരു വർഷത്തോളം മാത്രമാണ് പ്രവർത്തിച്ചത്. കറുകച്ചാൽ ബസ് സ്റ്റാൻഡ് നവീകരണകാലത്ത് നിർത്തിയ സിഗ്‌നൽ ലൈറ്റ് പിന്നീട് പ്രവർത്തിച്ചിട്ടില്ല. സിഗ്‌നൽ പ്രവർത്തിക്കാത്തതിനാൽ നാലുവശത്തുനിന്നും അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനും സാധ്യത ഏറെയാണ്.
ഇരട്ടവരിപ്പാതയായ ചങ്ങനാശേരി വാഴൂർ, കഞ്ഞിക്കുഴി മല്ലപ്പളളി, കറുകച്ചാൽ മണിമല റോഡുകൾ ഉന്നത നിലവാരത്തിലായതോടെ വാഹനങ്ങളുടെ വേഗത വർദ്ധിച്ചു. ഇവിടെ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ പോലും പ്രയാസമാണ്. കറുകച്ചാൽ ടൗണിൽ പോലും വേഗതയ്ക്ക് നിയന്ത്രണമില്ല. നിരവധി അപകടങ്ങളാണ് വാഴൂർ റോഡിലും മല്ലപ്പളളി റോഡിലും ഉണ്ടാകുന്നത്. സിഗ്‌നൽ ലൈറ്റ് ഉണ്ടായിരുന്നപ്പോൾ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ സഹായകമായിരുന്നു.
ചെലവ് 14 ലക്ഷം
14 ലക്ഷത്തോളംരൂപ ചെലവഴിച്ചു സ്ഥാപിച്ച സിഗ്‌നൽ ലൈറ്റാണ് ഒരു പ്രയോജനവുമില്ലാതെ പാഴാകുന്നത്. കവലയിൽ ഗതാഗതം നിയന്ത്രിക്കുന്നതിൻ നിയോഗിച്ചിട്ടുള്ള ട്രാഫിക് പൊലീസുകാരന് നിയന്ത്രിക്കാനാവാത്തവിധമുള്ള വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. സിഗ്‌നലുകളുടെ പ്രവർത്തനം നിലച്ചതോടെ ഇടവേളയില്ലാതെ എത്തുന്ന വാഹനങ്ങൾ തമ്മിലിടിച്ചും ഇരു വശങ്ങളിൽ നിന്നും കടന്നുവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചും ഡിവൈഡറുകളിൽ ഇടിച്ചും അപകടങ്ങൾ പതിവായി. ഒരാഴ്ച മുൻപ് ടിപ്പർ ലോറി ഡിവൈഡർ ഇടിച്ചുതകർത്തിരുന്നു.