കറുകച്ചാൽ: ലക്ഷങ്ങൾ ചെലവഴിച്ച് കറുകച്ചാൽ സെൻട്രൽ ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് മിഴിയടച്ചു. സന്ധ്യകഴിഞ്ഞാൽ ഇതോടെ കവലകളെല്ലാം ഇരുട്ടിലാണ്. കറുകച്ചാൽ ബസ് സ്റ്റാൻഡ്, പത്തനാട് കവല, ഇടയിരിക്കപ്പുഴ തുടങ്ങിയ ഇടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. സമീപകാലത്തായി വിവിധ പഞ്ചായത്തുകളിലായി നിരവധി ഹൈമാസ്റ്റ് വിളക്കുകളാണ് സ്ഥാപിച്ചത്. ഇവയിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നില്ല. 21 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പ്രവർത്തനം തുടങ്ങി കുറഞ്ഞനാൾക്കകം പ്രവർത്തനരഹിതമായി. പിന്നീട്, ആരും തിരിഞ്ഞുനോക്കാറില്ല. പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് ഹൈമാസ്റ്റ് ലൈറ്റുകളുടെ പ്രവർത്തനം. അറ്റകുറ്റപ്പണി നടത്താൻ നിലവിൽ പഞ്ചായത്തിൽ ഫണ്ട് ഇല്ലെന്നാണ് അധികൃതർ പറയുന്നത്. ഹൈമാസ്റ്റ് വിളക്കുകളുടെ തകരാർ പരിഹരിക്കാൻ ആവശ്യമായ നടപടിസ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.