വൈക്കം: വൈക്കം - വെച്ചൂർ റോഡ് വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള സർവേ ആരംഭിച്ചു. സ്ഥലം ഉടമകൾക്ക് രണ്ട് മാസം മുമ്പ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയിരുന്നു. തോട്ടകം മുതൽ കൈപ്പുഴമുട്ടു വരെ 12 കിലോമീറ്റർ നീളത്തിൽ 13 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി രണ്ടുമാസം കൊണ്ട് സർവേ നടപടികൾ പൂർത്തിയാക്കും.

സി.കെ ആശ എം.എൽ.എയുടെ ആവശ്യപ്രകാരം സർവേ നടപടികൾക്കായി പുതിയ സർവെയർമാരെയും ആവശ്യമായ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. തലയാഴം, വെച്ചൂർ പഞ്ചായത്തുകളിലായി 15 ഏക്കർ സ്ഥലമാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത്. സ്ഥലം നഷ്ടമാകുന്ന വസ്തു ഉടമകൾക്ക് മാർക്കറ്റ് വിലയുടെ ഇരട്ടിയോളം തുക നഷ്ടപരിഹാരമായി ലഭിക്കും. ഇതിനുപുറമേ ഏറ്റെടുക്കപ്പെടുന്ന വസ്തുവിലെ കെട്ടിടങ്ങൾക്കും, വൃക്ഷങ്ങൾക്കും മതിയായ പരിഹാരവും ലഭ്യമാക്കും. ഇതിനാവശ്യമായ തുക ഉൾപ്പെടെ 93.73 കോടി രൂപയാണ് വൈക്കം വെച്ചൂർ റോഡ് വികസനത്തിനായി കിഫ്ബി അനുവദിച്ചിരിക്കുന്നത്. മറവന്തുരുത്തിൽ പ്രവർത്തിക്കുന്ന കിഫ്ബി ഭൂമി ഏറ്റെടുക്കൽ തഹസീൽദാരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.