kozhuvana

കൊഴുവനാല്‍: ''ഭാര്യയ്ക്ക് ജോലിയും മൂന്നരലക്ഷം രൂപയും തരാമെന്ന് പറഞ്ഞിട്ടല്ലേ ഞാന്‍ ഇടതുമുന്നണിയെ പിന്തുണച്ചത്. ഇത്രയും കാലം നല്ല രീതിയില്‍ ഞാന്‍ ഭരണപക്ഷത്തോടൊപ്പം നിന്നു. ഇനി വാക്ക് പാലിക്കാതെ ഒരടി മുന്നോട്ടില്ല'' - പറയുന്നത് കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി.

കൊഴുവനാല്‍ പഞ്ചായത്തിന്റെ ഭരണം ഇടതുമുന്നണിയുടെ കൈപ്പിടിയില്‍ ഒതുങ്ങാന്‍ കാരണക്കാരനായത് സ്വതന്ത്രനായി ഒന്നാം വാര്‍ഡില്‍നിന്നു ജയിച്ച രാജേഷിന്റെ പിന്തുണയാണ്.

എന്നാല്‍ ഒന്നരവര്‍ഷമായിട്ടും തനിക്ക് നല്‍കിയ വാഗ്ദാനം ഇടതുമുന്നണി പാലിച്ചില്ലെന്ന് രാജേഷ് പഞ്ചായത്ത് മെമ്പര്‍മാര്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പരസ്യമാക്കുകയായിരുന്നു.

''പറ്റിക്കാന്‍ നോക്കിയാല്‍ നടക്കില്ല. വര്‍ഷം ഒന്നര കഴിഞ്ഞു. ഇനി ഞാന്‍ എന്റേതായ രീതിയിലേ പോകൂ'' രാജേഷ് പറയുന്നു.

അടുത്തിടെ രാജേഷിന്റെ ഭാര്യ രമ്യയെ കൊഴുവനാല്‍ പഞ്ചായത്ത് കുടുംബശ്രീയുടെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റും ഒരു മെമ്പറും അനാവശ്യമായി കുടുംബശ്രീ കാര്യങ്ങളില്‍ ഇടപെടുന്നുവെന്നും കമ്മിറ്റി വിളിക്കാന്‍പോലും തയ്യാറാകുന്നില്ലെന്നും ആരോപിച്ച് ഇന്നലെ രാവിലെയും വൈസ് പ്രസിഡന്റ് രാജേഷ് ഭരണപക്ഷത്തിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പരസ്യമായി പ്രതികരിച്ചു. ''കുടുംബശ്രീയില്‍ കയറി ചൊറിഞ്ഞാല്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഞാനും ചൊറിയും. ഭരണപക്ഷത്തെ എല്ലാവരും കേള്‍ക്കാന്‍കൂടിയാണ് ഞാനിത് പറയുന്നത്. ഇനി കുടുംബശ്രീയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയേക്കരുത്. പറയാനുള്ളത് ഞാന്‍ പറഞ്ഞു. ഇനി പറയില്ല'' വൈസ് പ്രസിഡന്റ് ഭീഷണി മുഴക്കുന്നു.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി. പറയുന്നു.

കൊഴുവനാല്‍ പഞ്ചായത്ത് ഭരണം പിടിക്കാന്‍ ഇടതുമുന്നണിയെ പിന്തുണച്ചപ്പോള്‍ എനിക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. ഇപ്പോള്‍ ബന്ധപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയുമാണ്. അതുകൊണ്ടാണ് ഗ്രൂപ്പില്‍ പ്രതികരിച്ചത്. ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ ആവില്ല.

കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജ് പറയുന്നു.

പരസ്യ പ്രതികരണത്തിനില്ല. കാര്യങ്ങള്‍ ഇടതുമുന്നണി നേതൃത്വത്തെ ധരിപ്പിക്കും. കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ ആരും കൈ കടത്തേണ്ടതില്ല. പഞ്ചായത്ത് ഭരണസമിതിയുടെ നല്ല നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീക്കും കഴിയണം.

പഞ്ചായത്ത് ഭരണം രാജേഷിന്റെ പിന്തുണയിൽ.

13 അംഗ ഭരണസമിതിയില്‍ രാജേഷ് ഉള്‍പ്പെടെ 7 പേര്‍ ഭരണപക്ഷത്തും 6 പേര്‍ പ്രതിപക്ഷത്തുമുണ്ട്.

ഭരണപക്ഷത്ത് മാണി ഗ്രൂപ്പിന് 4 അംഗങ്ങളും സി.പി.എമ്മിന് 2 അംഗങ്ങളും. യു.ഡി.എഫില്‍ കോണ്‍ഗ്രസിന് ഒരംഗവും കേരള കോണ്‍ഗ്രസ് ജോസഫിന് 2 അംഗങ്ങളുമുണ്ട്. 3 പേര്‍ ബി.ജെ.പി. പ്രതിനിധികളാണ്.