മുണ്ടക്കയം: കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്ത് പുല്ലകയാറിന് കുറുകെയുള്ള ചെക്ക് ഡാം പൊളിച്ചുനീക്കും. പ്രളയത്തിൽ കൂട്ടിക്കൽ ടൗണിലടക്കം വെള്ളംകയറി നാശം സംഭവിക്കാൻ ചെക്ക് ഡാം ഇടയാക്കിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതേതുടർന്നാണ് ചെക്ക്ഡാം പൊളിക്കാൻ തീരുമാനമായത്. നേരത്തെ ചെക്ക് ഡാം​ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട്​ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കുകയും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എക്ക്​ നിവേദനം നൽകുകയും ചെയ്തിരുന്നു. തുടർന്ന്​ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎ വിഷയം ജലവിഭവ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ജലവിഭവ വകുപ്പ് പഠനം നടത്തുകയും മന്ത്രിക്ക്​ റിപ്പോർട്ട്​ കൈമാറുകയും ചെയ്തു. തുടർന്നാണ് ചെക്ക് ഡാം പൊളിക്കാൻ മന്ത്രി നിർദേശം നൽകിയത്. ജലവിഭവ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ചീഫ് എൻജിനീയർ ഇൻ ചാർജ് പി ശ്രീദേവി ചെക്ക്ഡാം പൊളിക്കാൻ ഉത്തരവിട്ടു. പരമാവധി വേഗത്തിൽ ചെക്ക്ഡാം പൊളിച്ചുനീക്കുമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു..