കൊല്ലപ്പിള്ളി: മേലുകാവ് റോഡിലെ ചതിക്കുഴികൾ അധികൃതർക്കും ബോധ്യപ്പെട്ടു. ഇന്നലെ കുഴിമൂടി ടാർ ചെയ്യുന്ന ജോലികൾ ആരംഭിച്ചു. കോട്ടയം ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊല്ലപ്പിള്ളി-മേലുകാവ് റോഡിലെ ഗർത്തങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും കേരളകൗമുദി കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് പി.ഡബ്ലി.യു.ഡി അധികാരികൾ റോഡ് നന്നാക്കാൻ അടിയന്തിര നടപടി സ്വീകരിക്കുകയായിരുന്നു. റോഡിനായി മാണി സി.കാപ്പൻ എം.എൽ.എയും ഫണ്ട് അനുവദിച്ചിട്ടുണ്ട്. മേലുകാവ് റോഡിലെ കവലവഴിമുക്ക്, പുളിഞ്ചുവട് കവല, എസ് വളവ്, കൊടുമ്പിടി ടൗൺ, താബോർ, എലിവാലി പള്ളി, ഈറ്റോലി വളവ്, കുറുമണ്ണ് കുളം എന്നിവിടങ്ങളിലെല്ലാം റോഡിൽ നിറയെ കുഴികളാണ്.

അപകടങ്ങൾ പതിവ്

കുഴികളിൽ വീണ് വാഹനങ്ങൾ തകരാറിലാകുന്നത് നിത്യസംഭവമായിരുന്നു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം ജിയോവാലി പള്ളിക്ക് സമീപമുള്ള വളവിൽ ബൈക്ക് മറിഞ്ഞ് അമ്മയ്ക്കും മകനും പരിക്കേറ്റിരുന്നു.