പാലാ: ''പ്രേമമാണെന്ന് പറഞ്ഞാൽ എന്താ പൊലീസേ കുഴപ്പം...? പിള്ളേര് പ്രേമിക്കട്ടെ, നിങ്ങളിങ്ങനെ പുറകെ നടന്ന് ശല്യം ചെയ്യാതെ...'' ഇന്നലെ വൈകിട്ട് 5 മണിയോടെ പാലാ ടൗൺ ബസ് സ്റ്റാൻഡിൽ മധ്യവയസ്‌കൻ പൊലീസിനോട് കയർത്തുകൊണ്ട് പറഞ്ഞു. പൊലീസ് ഇത് കേൾക്കാത്ത മട്ടിൽ കൂട്ടംകൂടിനിന്ന വിദ്യാർത്ഥികളോട് എവിടെ പോകാനാണെന്നും മറ്റും തിരക്കിയതോടെ വീണ്ടും മധ്യവയസ്‌കൻ ക്രൂദ്ധനായി; ''ഇഷ്ടമാണെന്ന് ഫോണിൽ പറഞ്ഞാൽ ഇത്ര വലിയ കുഴപ്പമാണോ? നിങ്ങളുടെ പണി ഞാൻ വീഡിയോയിലെടുക്കുകയാണ്'' പൊലീസിനെ വെല്ലുവിളിച്ച് മൊബൈൽ ഫോൺ ഓൺചെയ്ത് മധ്യവയസ്‌കൻ ചിത്രീകരണം തുടങ്ങി. പാലാ എസ്.ഐ. ഷാജി സെബാസ്റ്റ്യനും ഒരു പൊലീസുകാരനുമാണ് സ്ഥലത്തെത്തിയിരുന്നത്. പാലായിൽ പൂവാലശല്യവും മറ്റ് മയക്കുമരുന്ന് പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന രക്ഷകർത്താക്കളുടെ പരാതിയെ തുടർന്നാണ് പൊലീസ് ടൗൺ ബസ് സ്റ്റാൻഡിൽ എത്തിയത്. സംശയകരമായ സാഹചര്യത്തിൽ കൂട്ടംകൂടി നിന്ന കുട്ടികളോട് പൊലീസ് വിവരങ്ങൾ ആരാഞ്ഞതാണ് മധ്യവയസ്‌കന് ഹാലിളകിയത്. മദ്യപിച്ച് ബഹളം തുടർന്നതോടെ പൊലീസ് ജീപ്പിലേക്ക് കയറാൻ എസ്.ഐ നിർദ്ദേശിച്ചെങ്കിലും ഇയാൾ കൂട്ടാക്കിയില്ല.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാലാ സി.ഐ കെ.പി. ടോംസൺ ഇയാളെ ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി. പൂവരണി സ്വദേശി തയ്യിൽ റ്റി.എസ്. ദിനേശ് (48) ആണ് പിടിയിലായതെന്ന് പൊലീസ് പിന്നീടറിയിച്ചു.