പാലാ: പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കന്റെ രാജി സീറോ മലബാർ സഭാ സിനഡ് അംഗീകരിച്ചതായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സിനഡിന്റെ സമാപന ദിവസത്തെ പൊതുസമ്മേളനത്തിലായിരുന്നു കർദിനാളിന്റെ പ്രഖ്യാപനം.
അതേസമയം മാർ ജേക്കബ് മുരിക്കൻ സഭയിലെ മെത്രാനായി തുടരുമെന്ന് മാർ ആലഞ്ചേരി അറിയിച്ചു. മാർ മുരിക്കന്റെ സേവനം ഇനി മുതൽ പാലാ രൂപതാ സഹായമെത്രാൻ എന്ന നിലയിലായിരിക്കില്ല. ഇന്ന് മുതൽ അദ്ദേഹം പാലാ രൂപതയുടെ ചുമതലകൾ ഒഴിയുകയാണ്. ഇനി അദ്ദേഹം ഏകാന്തജീവിതവും തപസും പ്രാർത്ഥനയുമായി സഭയ്ക്കുവേണ്ടിയുള്ള ആത്മീയ ചുമതലകളിൽ മാത്രമായിരിക്കും പ്രവർത്തിക്കുക. മെത്രാൻ എന്ന നിലയിലുള്ള എല്ലാ ആത്മീയ ചുമതലകളും മാർ മുരിക്കൻ തുടർന്നും നിർവഹിക്കും.