pc

കോട്ടയം. പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഐ.ടി വകുപ്പിലും അനുബന്ധ ധനകാര്യ മേഖലകളിലും നടന്നിട്ടുള്ള അഴിമതി രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറുമെന്ന് ജനപക്ഷം ചെയർമാൻ പി.സി ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അമേരിക്കൻ റിയൽ എസ്റ്റേറ്റ് കമ്പനിയായ ടോറസുമായി ചേർന്ന് ടെക്നോപാർക്കിൽ നടപ്പിലാക്കുന്ന ഡൗൺ ടൗൺ പ്രോജക്ടിലെ അഴിമതി, കിഫ്ബിക്ക് പണം സ്വരൂപിക്കുന്നതിന് ഇറക്കിയ മസാല ബോണ്ടു നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതി എന്നിവയുടെ രേഖകകളാണ് കൈമാറുക.

മുഖ്യമന്ത്രി ആരോപണ വിധേയനായ സ്വർണക്കള്ളക്കടത്തു കേസ് ഇതുവരെ അന്വേഷിച്ചത് മലയാളി ഉദ്യോഗസ്ഥനാണ് . മുഖ്യമന്തിക്കെതിരെ ആ സംസ്ഥാനത്തിലെ ഉദ്യോഗസ്ഥൻ അന്വേഷിച്ചാൽ ഉണ്ടാകുന്ന സമ്മർദ്ദം സംബന്ധിച്ച് ഇ.ഡി ഡയറക്ടർക്ക് പരാതി നൽകിയിരുന്നു . ആ ഉദ്യോഗസ്ഥനെ അന്വേഷണ ചുമതലയിൽ നിന്നു മാറ്റി. കേസ് ബംഗളൂരുവിലേക്ക് മാറ്റാൻ ആവശ്യപ്പെട്ട് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ബംഗളൂരുവിലേക്ക് മാറ്റിയാൽ കൂടുതൽ തെളിവുകൾ ഇ.ഡിക്കു കൈ മാറും.

ലാവ്‌ലിൻ കേസിൽ സി.ബി.ഐയ്ക്ക് തെളിവുകൾ കൈമാറിയതിനാലാണ് കൂടുതൽ രേഖകകൾ ഉണ്ടോ എന്നറിയാൻ തന്റെ വീട്ടിൽ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. വാറന്റിൽ ഇലക്ട്രോണിക്സ് രേഖകളുടെ പരിശോധന മാത്രം എന്നെഴുതിയതിനാൽ മറ്റൊന്നും കൊണ്ടു പോകാൻ കഴിഞ്ഞില്ല. ആറ് വയസുകാരിയായ പേരക്കുട്ടി കളിക്കുന്ന ഫോണാണ് കൊണ്ടു പോയത്. പിണറായിക്കു വേണ്ടി ആവശ്യമില്ലാതെ ഉദ്യോഗസ്ഥർ റെയ്ഡെന്ന പേരിൽ അപമാനിക്കാൻ വീട്ടിൽ വരുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്നും ജോർജ് പറഞ്ഞു.