ajith

പാലാ. മലയാളികള്‍ക്കാകെ അഭിമാനമായി ഷിപ്പിംഗ് കോര്‍പ്പറേഷന്റെ തലപ്പത്ത് പാലാക്കാരനെത്തി. കേന്ദ്ര ഉപരിതല ജലഗതാഗത വകുപ്പിന്റെ അഡീ.ഡയറക്ടര്‍ ജനറലായി (ടെക്‌നിക്കല്‍) നിയമിതനായ അജിത് കുമാര്‍ സുകുമാരന്‍ പാലാ ഇടപ്പാടി സ്വദേശിയാണ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയും. മുംബെയിലാണ് ഒാഫീസ്. 55 കാരനായ ഈ മെക്കാനിക്കല്‍ എൻജിനീയര്‍ ദീര്‍ഘകാലം വിവിധ കപ്പലുകളില്‍ ചീഫ് എൻജിനീയറായിരുന്നു. പിന്നീടാണ് ഷിപ്പിംഗ് കോര്‍പ്പറേഷനില്‍ പ്രവേശിച്ചത്.

ഇടപ്പാടി നന്ദനത്ത് കുടുംബാംഗമായ അജിത് കുമാര്‍ റിട്ട. ഹെഡ്മാസ്റ്റര്‍മാരായ കെ.ആര്‍.സുകുമാരന്റെയും പി.എം.നളിനിയുടെയും ഇളയ മകനാണ്. സഹോദരി ബീന പതിപ്പള്ളില്‍ ഡെപ്യൂട്ടി തഹസില്‍ദാരായി വിരമിച്ചു. എസ്.ബി.ഐ. ഉദ്യോഗസ്ഥനായിരുന്ന പി.ജി. അനില്‍കുമാറാണ് സഹോദരീഭര്‍ത്താവ്.

വൈക്കം കുലശേഖരമംഗലം ഹൈസ്‌കൂള്‍ അദ്ധ്യാപിക ബിനു അജിത്താണ് ഭാര്യ. മക്കളില്‍ മൂത്തയാളായ അനന്ദ് അജിത് കുമാര്‍ എം.ടെക്കിന് ശേഷം മുംബയ് ഇന്ത്യന്‍ രജിസ്ട്രി ഒഫ് ഷിപ്പിംഗില്‍ അസി. സര്‍വ്വേയറാണ്. ഇളയ മകൻ അഭിനവ് അജിത് കുമാര്‍ കോഴിക്കോട് എന്‍.ഐ.ടി. വിദ്യാര്‍ത്ഥിയാണ്.

ഇടുക്കി ആയിരമേക്കര്‍ എല്‍.പി.സ്‌കൂള്‍, പാലാ സെന്റ് വിന്‍സെന്റ്, തൊടുപുഴ ഡിപോള്‍ സ്‌കൂളുകള്‍, ചങ്ങനാശേരി എസ്.ബി.കോളേജ്, കൊല്ലം ടി.കെ.എം.എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അജിത് കുമാര്‍ സുകുമാരന്‍ മറൈന്‍ ഓഫീസര്‍ ട്രെയ്‌നിംഗിന് ശേഷം കപ്പലിലെ ജോലിക്കെത്തുകയായിരുന്നു.