വൈക്കം : ഉദയനാപുരത്ത് ബൈക്കും സ്‌കൂട്ടറും തമ്മിൽ കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. വൈക്കം തലയോലപ്പറമ്പ് റോഡിൽ തുറുവേലിക്കുന്നിന് സമീപം പടിഞ്ഞാറെക്കര കലുങ്ക് പാലത്തിൽ ഇന്നലെ രാവിലെ 9.45 ഓടെയാണ് അപകടം. സ്‌കൂട്ടർ യാത്രിക ഉദയനാപുരം പടിഞ്ഞാറെക്കര കൂരാപ്പള്ളിൽ അജയന്റെ മകൾ അഖില (23), ബൈക്ക് യാത്രികനായ വൈക്കം സ്വദേശിയായ യുവാവിനുമാണ് പരിക്കേ​റ്റത്. തലയോലപ്പറമ്പിലെ പി.എസ്.സി കോച്ചിംഗ് സെന്ററിൽ പോയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങിയ യുവതി സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് വൈക്കം ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ച് വീണു. ഗുരുതരമായി പരിക്കേ​റ്റ ഇരുവരെയും ഓടിയെത്തിയ നാട്ടുകാർ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണ്ണമായി തകർന്നു.