mashi

കോട്ടയം. തൊടിയിലും പുരയിടങ്ങളിലും ഉപയോഗശൂന്യമായി കാണുന്ന കളസസ്യങ്ങളിൽ നിന്ന് ഔഷധഗുണമുള്ളതും രുചികരവുമായ കളസദ്യ ഒരുക്കുന്നു. സസ്യശാസ്ത്രജ്ഞൻ ഡോ.സജീവ് കുമാറിന്റെ നേതൃത്വത്തിലാണ് അന്നം ഔഷധം എന്ന പേരിൽ കളസദ്യ ഒരുക്കുന്നത്. മുക്കുറ്റി പ്രഥമൻ, വാഴയിലത്തോരൻ, ചെമ്പരത്തിയില സാമ്പാർ, ചൊറിയണം സ്‌റ്റൂ, മഷിത്തണ്ട് കാളൻ, ഇലക്കൂട്ട് കുടിവെള്ളം, പുളിയാറിലച്ചമ്മന്തി, മട്ടയരിച്ചോറ്, പാറകം കാളൻ, നിലമുരിങ്ങപ്പച്ചടി, പുളിയിലക്കട്ടി തുടങ്ങിയവയാണ് കളസദ്യയിലെ വിഭവങ്ങൾ.

കളസസ്യങ്ങൾ ദൈനംദിന ജീവിതത്തിൽ ഉപയോഗപ്പെടുത്താവുന്ന തരത്തിൽ പരിശീലിപ്പിക്കുകയും ബോധവത്ക്കരിക്കുകയുമാണ് ഡോ.സജീവ്കുമാർ. എത്‌നൊ മെഡിസിനിലും ഫുഡ് ടെക്‌നോളജിയിലും ഗവേഷണം നടത്തിയിട്ടുള്ള ഡോ.സജീവിന്റെ അന്നം= ഔഷധം കളസദ്യ ഇതിനോടകം പ്രശസ്തി നേടിയിട്ടുണ്ട്. എട്ടുവർഷമായി കേരള നിയമസഭയിലടക്കം നിരവധി പ്രോഗ്രാമുകളിൽ കളസസ്യങ്ങൾ ഉപയോഗിച്ച് ഭക്ഷണങ്ങൾ തയ്യാറാക്കുന്നു. ആഹാര രീതിയിലൂടെ ജീവിതശൈലീ രോഗങ്ങൾക്ക് സ്വാഭാവികമായ പ്രതിരോധവും ശമനവും സാദ്ധ്യമാകുമെന്ന് ഡോ.സജീവ് പറയുന്നു. ഉഴവൂർ കെ.ആർ നാരായണൻ ബയോടെക്‌നോളജി സെന്ററിലെ സയന്റിസ്റ്റായിരുന്ന ഡോ.സജീവ് വനംവകുപ്പ് അടക്കം വിവിധ മേഖലയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഡോ.സജീവ് കുമാറിന്റെ പങ്കാളിത്തത്തിൽ ഇറുമ്പയം ടാഗോർ ലൈബ്രറിയുടെ നേതൃത്വത്തിൽ രണ്ടാമത് കളസദ്യ 28ന് രാവിലെ 10 മുതൽ ഇറുമ്പയം എസ്.എൻ.ഡി.പി ഹാളിൽ നടക്കും. അന്നം, ഔഷധം സെമിനാർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത്ത് ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് ജി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഫോൺ: 94 47 76 39 26, 98 46 47 02 77.