
കോട്ടയം. ഉത്പാദനചെലവിന് അനുസരിച്ച് റബർ വില ഉയരാത്തത് കർഷകർക്ക് തിരിച്ചടിയാകുന്നു. കിലോയ്ക്ക് 130 രൂപ മാത്രമാണ് റബറിന് ഇപ്പോൾ ലഭിക്കുന്നത്. ഇതുമൂലം പലരും റബർ ടാപ്പിംഗ് ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്. കാർബൺ അടങ്ങിയ റബർ മിശ്രിതം വൻതോതിൽ ഇറക്കുമതി ചെയ്യുന്നതിനാൽ ടയർ കമ്പനികൾ ഇതാണ് വാങ്ങുന്നത്. ഇതിന്റെ ഇറക്കുമതി ചുങ്കം 10 ശതമാനം മാത്രമാണെന്നതാണ് കമ്പനികളെ ആകർഷിക്കുന്നത്. ടാപ്പിംഗ് നടക്കുന്നുണ്ടെങ്കിലും വിലയിടിവ് മൂലം കർഷകന് പ്രയോജനം ലഭിക്കുന്നില്ല. റബർ വിലയിടിവും തൊഴിലാളികളുടെ കൂലിവർദ്ധനയും മൂലം കർഷകർ കൃഷിയിൽനിന്ന് പിന്തിരിയുന്ന സ്ഥിതിയാണ്. മഴക്കാലത്ത് റെയിൻ ഗാർഡിംഗ് വേണ്ടരീതിയിൽ നടക്കാതെ പോയതും തിരിച്ചടിയായി. ഇലപൊഴിച്ചിൽ മൂലവും റെയിൻഗാർഡിംഗ് നടത്താൻ സാധിക്കുന്നില്ല. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് പ്രശ്നമായത്.
മഴമാറി ടാപ്പിംഗിന് സജ്ജമായാൽ പോലും ഇലകൾ കൊഴിഞ്ഞുപോയത് പ്രതിസന്ധി സൃഷ്ടിക്കും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ തെളിഞ്ഞ കാലാവസ്ഥയിൽ നല്ല ഉത്പാദനം ലഭിക്കേണ്ടതാണ്. എന്നാൽ, ഇലകൾ പൊഴിഞ്ഞത് വരും മാസങ്ങളിൽ ഉത്പാദനം കുറയ്ക്കും. പ്രഭാത മഴ കാരണം ടാപ്പിംഗ് ദിനങ്ങളും നഷ്ടപ്പെട്ടു. പല റബർ തോട്ടങ്ങളിലും വെള്ളം കയറിക്കിടന്നുതമൂലവും ടാപ്പിംഗിനു കഴിഞ്ഞില്ല. മഴവെള്ളത്തിന്റെ കുത്തൊഴിക്കിൽ മേൽമണ്ണ് നഷ്ടപ്പെട്ടത് മണ്ണിന്റെ ഫലപുഷ്ടിയെയും ഗുരുതരമായി ബാധിച്ചു.
സെൻട്രൽ ട്രാവൻകൂർ റബർ ആൻഡ് പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോജി വാളിപ്ലാക്കൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന മരങ്ങളിൽ ഇലപൊഴിച്ചിലുണ്ടായതു മൂലം റബർ ഉത്പാദനത്തിൽ 50 ശതമാനം കുറവുണ്ടായി.