വൈക്കം: പ്രതീക്ഷയുടെ വലയുമായി വേമ്പനാട്ട് കായലിൽ ഇറങ്ങിയ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കുരുക്കി പോളപ്പായൽ. വെച്ചൂരിൽ തണ്ണീർമുക്കം ബണ്ടിന്റെ വടക്കുഭാഗത്ത് വേമ്പനാട്ട് കായലിൽ രണ്ടു കിലോമീറ്റർ ദൂരത്തിലാണ് പായൽ നിറഞ്ഞിരിക്കുന്നത്. രണ്ടുമാസത്തോളമായി ഇതേഅവസ്ഥ തുടരുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പോളമൂലം കായലിൽ മത്സ്യബന്ധനത്തിനും കക്കാ വാരുന്നതിനും പോകാൻ കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. കായൽ തീരത്ത് പോള അടിഞ്ഞതോടെ 150ഓളം വരുന്ന മത്സ്യതൊഴിലാളി കുടുംബങ്ങളാണ് ദുരിതത്തിലായത്. പോള നിറഞ്ഞത് മൂലം കായലിലെ ജലം മലിനമാകാനും കാരണമായി.കായലിൽ ഇറങ്ങുന്നവർക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട്. ഇത് വലിയ പകർച്ച വ്യാധികൾക്ക് ഇടയാക്കുമെന്ന ആശങ്കയുമുണ്ട്.
സൗജന്യ റേഷൻ അനുവദിക്കണം
തൊഴിലിനുപോകാൻ കഴിയാത്ത മത്സ്യതൊഴിലാളികൾക്ക് സൗജന്യ റേഷനും സാമ്പത്തിക സഹായവും വിതരണം ചെയ്യാൻ സർക്കാർ തയാറാകണമെന്ന് സി.പി.ഐ വെച്ചൂർ ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ കൗൺസിൽ അംഗം ഇ.എൻ ദാസപ്പൻ, മണ്ഡലം കമ്മിറ്റി അംഗം കെ.കെ ചന്ദ്രബാബു, ലോക്കൽ സെക്രട്ടറി കെ.എം വിനോഭായ്, ഉല്ലാസ് എന്നിവർ പ്രസംഗിച്ചു.
പ്രസിഡന്റ് സന്ദർശിച്ചു
വേമ്പനാട്ട് കായലിൽ പോളയും പായലും അടിഞ്ഞു കൂടിയ വെച്ചൂർ പ്രദേശം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ വീണ അജി, ജോയിന്റ് ബി.ഡി.ഒ ടി.വി പ്രശാന്ത്, ജയപ്രസാദ്, ഹരി, സതീശൻ, ജയചന്ദ്രൻ, കെ.എം വിനോഭായി, രതിമോൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ചിത്രവിവരണം
വേമ്പനാട്ട് കായലിൽ പോളയും പായലും അടിഞ്ഞു കൂടിയ വെച്ചൂർ ഭാഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് സന്ദർശിക്കുന്നു..