തമ്പലക്കാട് : ശ്രീ മഹാകാളിപാറ ദേവിക്ഷേത്രത്തിൽ 30 മുതൽ സെപ്റ്റംബർ ആറു വരെ ഭാഗവത സപ്താഹയജ്ഞം നടക്കും. സ്വാമി ഉദിത് ചൈതന്യയാണ് യജ്ഞാചാര്യൻ. 30ന് നടക്കുന്ന ഉദ്ഘാടന സഭയിൽ തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാട് ദീപപ്രോജ്വലനം നടത്തും. ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സ്വാമി ഉദിത് ചൈതന്യ ഭാഗവത മാഹാത്മ്യം വിവരിക്കും. 31ന് വൈകുന്നേരം 7ന് നടക്കുന്ന യുവജന സമ്മേളനത്തിൽ രാജേഷ് നാദാപുരം മുഖ്യപ്രഭാഷണം നടത്തും. 'നിങ്ങൾക്കും വിജയിക്കാം' എന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനവും നിർവഹിക്കും. ഒന്നിന് നടക്കുന്ന മാതൃ സമ്മേളനത്തിൽ ദൂരദർശൻ അവതാരികയും പ്രഭാഷകയുമായ എം.ജി മഞ്ജുള മാതൃസന്ദേശം നൽകും. രണ്ടിന് നരസിംഹ അവതാരത്തിന്റെയും മൂന്നിന് ശ്രീകൃഷ്ണ അവതാരത്തിന്റെയും നാലിന് രുഗ്മിണി സ്വയംവരത്തിന്റെയും അഞ്ചിന് കുചേലാഗമനത്തിന്റെയും പ്രത്യക്ഷ അവതരണങ്ങൾ ഉണ്ടാകും. ആറിന് യജ്ഞ സമാപനദിവസം ഓണസദ്യ. ശ്രീകൃഷ്ണ അവതാര ദിവസം മഹാകാളി പാറയിൽ പുതുതായി നിർമ്മിക്കുന്ന സാംസ്കാരിക നിലയത്തിന്റെ തറക്കല്ലിടൽ കർമ്മം സ്വാമി ഉദിത് ചൈതന്യ നിർവഹിക്കും.