കോട്ടയം : കോടിമത പച്ചക്കറി മാർക്കറ്റിന് സമീപത്തെ മാലിന്യക്കൂമ്പാരം കാടുകയറിയ നിലയിൽ. ന​ഗരസഭാ പരിധിയിൽ നിന്ന് സംഭരിക്കുന്ന മാലിന്യങ്ങളാണ് ന​ഗരസഭ തന്നെ ഇവിടെ തള്ളിയിരുന്നത്. പ്ലാ​സ്റ്റിക്ക് മാലിന്യങ്ങളാണ് ഏറെയും. ആരും തിരിഞ്ഞുനോക്കാതായതോടെ കാടുകയറി. തരംതിരിക്കലോ മാലിന്യനീക്കമോ നിലച്ചിട്ട് രണ്ട് മാസമായെന്ന് വ്യാപാരികൾ പറയുന്നു. മഴ പെയ്തതോടെ ദുർ​ഗന്ധത്തിനൊപ്പം പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നു. രാത്രിയുടെ മറവിൽ പലരും മാംസാവശിഷ്ടങ്ങളും ഇവിടെ തള്ളാൻ തുടങ്ങി. അജൈവ മാലിന്യങ്ങൾ ശേഖരിക്കാനുള്ള ചുമതല ക്ലീൻ കേരള കമ്പനിയ്ക്കായിരുന്നു. എന്നാൽ ഇവരുടെ പ്രവർത്തനം മന്ദീഭവിച്ചതോടെയാണ് മാലിന്യനീക്കം നിലച്ചത്. ന​ഗരസഭയുടെ അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിലും (പ്ലാ​സ്റ്റിക് ഷ്രെഡിം​ഗ് യൂണിറ്റ്) സ്ഥിതി സമാനമാണ്. പലയിടത്തുനിന്നായി ശേഖരിച്ച പ്ലാ​സ്റ്റിക് മാലിന്യങ്ങളാണ് ചാക്കിൽ കെട്ടി ഇവിടെ ഇട്ടിരിക്കുന്നത്. ശുചിത്വ മിഷൻ അം​​ഗീകാരമുള്ള ഏജൻസികളെ അജൈവ മാലിന്യ ശേഖരണത്തിനായി വിളിച്ചിട്ടുണ്ടെന്നാണ് ന​​ഗരസഭ നൽകുന്ന വിശദീകരണം. പുതിയ ഏജൻസി എത്തിയാലും ഇത്രയും മാലിന്യം നീക്കം ചെയ്ത് ന​ഗരം വൃത്തിയാക്കാൻ മാസങ്ങൾ വേണ്ടിവരും.