നെഹൃട്രോഫിക്ക് കോട്ടയത്ത് നിന്ന് 21 കളിവള്ളങ്ങൾ
കോട്ടയം: നെഹൃട്രോേഫി സ്വന്തമാക്കാൻ സെപ്തംബർ നാലിന് പുന്നമടക്കായലിൽ കുതിപ്പിനൊരുങ്ങുന്ന പടിഞ്ഞാറൻ മേഖലയിലെ ജലരാജാക്കന്മാർ നാട്ടുകാർക്ക് മുന്നിൽ കരുത്ത് പ്രദർശിപ്പിക്കുന്ന ജലപൂരം ഇന്ന് ഉച്ചകഴിഞ്ഞ് മുത്തേരിമടയിൽ നടക്കും. നെഹൃട്രോഫിയിൽ കുമരകത്തിന്റെ വീരചരിതം കുറിച്ച നെല്ലാനിക്കൽ പാപ്പച്ചന്റെ ഓർമ്മനിലനിറുത്തുന്ന മത്സരവും അരങ്ങേറും. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര പഞ്ചായത്തിൽ നിന്നായി 21 കളിവള്ളങ്ങളാണ് ഇക്കുറി പുന്നമടയിൽ എത്തുക. കുമരകം ടൗൺ ബോട്ട് ക്ലബ് ( സെന്റ് പയസ് ചുണ്ടൻ ),വേമ്പനാട് ബോട്ട് ക്ലബ് (പായിപ്പാട് ചുണ്ടൻ ), കുമരകം ബോട്ട് ക്ലബ് ( ആയാപറമ്പ് പാണ്ടി ചുണ്ടൻ ), സമുദ്ര ബോട്ട് ക്ലബ് ( ജവഹർ തായങ്കരി ചുണ്ടൻ ) എൻ.സി. ഡി.സി ബോട്ട് ക്ലബ് ( നടുഭാഗം ചുണ്ടൻ ) എന്നിവയാണ് നെഹൃട്രോഫിക്കായി തുഴയെറിയുന്നത്.
ഇരുട്ടു കുത്തി എ ഗ്രേഡ് തുരുത്തിത്തറ ( ബ്രദേഴ്സ് ബോട്ട് ക്ലബ് ) , പടക്കുതിര ( സമുദ്ര ബോട്ട് ക്ലബ് ) , മാമൂടൻ ( പരിപ്പ് ബോട്ട് ക്ലബ് ) , ബി ഗ്രേഡിൽ ദാനിയേൽ (സി.ബി.സി തിരുവാർപ്പ് ), സെന്റ് ജോസഫ് ( കുമ്മനം യുവ ദർശന ) വെപ്പ് എ ഗ്രേഡ് മൂന്ന് തൈക്കൻ ( ആർപ്പൂക്കര ബോട്ട് ക്ലബ് ) , ജയ് ഷോട്ട് ( പരിപ്പ് ബോട്ട് ക്ലബ് ) ബി ഗ്രേഡ് വെങ്ങാഴി ( കാത്തിരം ബോട്ട് ക്ലബ് ) , പി.ജി കരിപ്പുഴ ( യുവശക്തി കുമരകം ) , തോട്ട് കടവൻ ( വിരിപ്പുകാല എസ്.എസ്.ബി.സി ) , പുന്നത്തറ പുരയ്ക്കൽ ( വരമ്പിനകം ബോട്ട് ക്ലബ് ) , ഏബ്രഹാം മൂന്ന് തൈക്കൻ ( ചെങ്ങളം യു.കെ.ബി.സി ), പനയക്കഴിപ്പ് ( അറുപറ ബോട്ട് ക്ലബ് ) ചുരുളൻ ഇനത്തിൽ വേലങ്ങാടൻ ( തിരുവാർപ്പ് യുവ ബോട്ട് ക്ലബ് ) എന്നിവയും മത്സരിക്കും.