പൂവക്കുളം: ഭാരവണ്ടികൾ റോഡ് കൈയടക്കിയെന്ന് പറയാം. ശേഷം കാരമല റോഡിൽ കല്ലും ചെളിയും മാത്രമേയുള്ളൂ. ഇവിടെ ടാർ കണികാണാനില്ല! ഒരു വർഷം മുമ്പ് റീടാർ ചെയ്ത റോഡിന്റെ അവസ്ഥയാണിത്. പൊട്ടിപ്പൊളിഞ്ഞ റോഡ് ഇപ്പോൾ സഞ്ചാരയോഗ്യമല്ല. പൂവക്കുളം കാരമല റോഡിനെ പി.ഡബ്ലി.യു.ഡി അധികാരികളും അവഗണിക്കുകയാണെന്നാണ് യാത്രക്കാരുടെ പരാതി. പൂവക്കുളം കവല മുതൽ സ്വകാര്യ കമ്പനിയുടെ ക്വാറിയിലേക്കുള്ള റോഡിന്റെ തുടക്കം വരെ മുന്നൂറ് മീറ്റർ ദൂരത്തിൽ റീടാർ ചെയ്ത ഭാഗമാണ് പൊളിഞ്ഞുപാളീസായത്. ദിവസവും രാവിലെ 6 മുതൽ വൈകിട്ട് 6.30 വരെ റോഡിലൂടെ ഇരുപതിലധികം ടോറസുകളാണ് പായുന്നത്. ഇതോടെ റോഡിന്റെ കാര്യത്തിൽ തീരുമാനമായി. റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു.

മുണ്ടാണിക്കുളം ഭാഗത്ത് റോഡ് നന്നാക്കാൻ ടൈലുകൾ ഇറക്കിയിട്ടിട്ട് ഒരു മാസം കഴിഞ്ഞു. ഒരു പണിയും നടക്കുന്നില്ല. റോഡിന്റെ തുടക്ക ഭാഗത്ത് പൂവക്കുളം ഗവ. യു.പി സ്‌കൂളും അങ്കണവാടിയുമുണ്ട്. ഇവിടേക്കുള്ള കുരുന്നുകളുടെ യാത്രയും ദുരിതമാണ്. ഐ.സി.ഡി.പി സബ് സെന്റർ, ഹെൽത്ത് സെന്റർ, കൃഷി ഭവൻ, നരസിംഹസ്വാമി ക്ഷേത്രം എന്നിവിടങ്ങിലേക്ക് പോകേണ്ടവർ ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. ആകെ തകർന്ന റോഡിലൂടെ എങ്ങനെ പോകാൻ. മഴ പെയ്ത് റോഡ് മുഴുവൻ ചെളിക്കുഴി ആയതിനാൽ ഇതുവഴിയുള്ള കാൽനടയാത്ര പോലും ദുരിതമായി.

ഇന് സമരം

ഭാരവണ്ടികൾ നിരന്തരമായി ലോഡുമായി പോവുകയും വരികയും ചെയ്യുന്ന റോഡ് ഒരു വർഷം മുമ്പാണ് റീടാർ ചെയ്തത്. പി.ഡബ്ലി.യു.ഡി കടുത്തുരുത്തി ഡിവിഷന് കീഴിൽ കുറവിലങ്ങാട് സബ് ഡിവിഷന്റെ ഭാഗമാണ് റോഡ്. റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡബ്ലി.യു.ഡി ഓഫീസ് പടിക്കൽ സമരം ആരംഭിക്കാനൊരുങ്ങുകയാണ് നാട്ടുകാർ