കോട്ടയം : ജീവൻ പണയംവച്ചാണ് കുരുന്നുകളുമായി നാലുതോട് നിവാസികൾ ഈ കവുങ്ങിൻ തടിപ്പാലത്തിലൂടെ മറുകരയയെത്തുന്നത്.

പാലം അപകടാവസ്ഥയിലായതോടെ അക്കരെ ഇക്കരെ എങ്ങനെ കടക്കുമെന്ന ആശങ്കയിലാണ് ഇവർ. നാലുതോട് തൊള്ളായിരം പുറംബണ്ടുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തടിപ്പാലമാണിത്. നാലുതോട് പുറംബണ്ടിൽ താമസിക്കുന്ന 30 ഓളം കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ തൊള്ളായിരത്തിലെത്തണം. അല്ലെങ്കിൽ ഒരടി മാത്രമുള്ള പുറംബണ്ടിലൂടെ രണ്ടര കിലോമീറ്റർ നടന്ന് വേണം പരിപ്പ് റോഡിൽ എത്താൻ സാധിക്കൂ. പിന്നെ ആശ്രയം വള്ളമാണ്. സ്വന്തമായി വള്ളം ഇല്ലാത്തവർ സമീപത്തെ വീടുകളിലെ വള്ളത്തെ ആശ്രയിക്കണം. രോഗാവസ്ഥയിലായവരെയും കുട്ടികളെയും വള്ളത്തിൽകയറ്റി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുന്നത് പതിവാണ്. മത്സ്യ ഫെഡിന്റെ വഴി അനുവദിച്ചിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

പാലം സംബന്ധിച്ച് കാലാകാലങ്ങളായി വരുന്ന ഗ്രാമസഭകളിലും, പഞ്ചായത്തുകളിലും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം തുക അനുവദിച്ചെങ്കിലും പുറംബണ്ടായതിനാലും, അനുവദിച്ച തുകയെക്കാൾ പാലത്തിന്റെ നിർമ്മാണത്തിന് അധിക തുക ചെലവാകുമെന്നതിനാലും മുടങ്ങിപ്പോയി. ഇതോടെ, പ്രദേശവാസികൾ ചേർന്ന് 18, 20 വാർഡുകളെ തമ്മിൽ ബന്ധിപ്പിച്ച് കവുങ്ങിൻ തടികൾ ഉപയോഗിച്ച് സ്വയം പാലം നിർമ്മിച്ചു. എന്നാൽ മഴക്കാലത്തെത്തുടർന്ന് പാലം പൊട്ടിപ്പൊളിഞ്ഞതോടെ ശോച്യാവവസ്ഥയിലായി. പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.

ഉറപ്പുള്ള പാലമാണ് വേണ്ടത്, അടുത്തകാലത്ത് പാലത്തിൽ നിന്ന് ഒരു കുട്ടി വെള്ളത്തിലേക്ക് വീണ സംഭവമുണ്ടായി. മുതിർന്നവരുണ്ടെങ്കിൽ മാത്രമേ പാലത്തിലൂടെ വിദ്യാർത്ഥികളെ മറുകരയിലെത്തിക്കാൻ സാധിക്കൂ.

വിഷ്ണു പ്രിയ, പ്രദേശവാസി