ചിങ്ങവനം: എം.സി റോഡിൽ വാഹനങ്ങളുടെ കൂട്ടിയിടി. മൂന്ന് കാറുകളിൽ ഉണ്ടായിരുന്ന 10 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 4.15ന് പള്ളം കരിമ്പുംകാലാ റെസ്‌റ്റോറന്റിന് സമീപമാണ് അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാർ എതിർ ദിശയിലെത്തിയ കാറുകളിൽ ഇടിയ്ക്കുകയായിരുന്നു. കാറുകളിലൊന്ന് സ്വകാര്യ ബസിലും ഇടിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചു. സംഭവത്തെ തുടർന്ന് എം.സി റോഡിൽ ഏറെനേരം ഗതാഗതകുരുക്കുണ്ടായി. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.