കോട്ടയം : ഓണത്തിന് യാത്രാക്ലേശം ഒഴിവാക്കാൻ അധിക സർവീസുകളുമായി കെ.എസ്.ആർ.ടി.സി. സെപ്തംബർ 2 മുതൽ 9 വരെയാണ് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി അധിക സർവീസ് ക്രമീകരിച്ചിട്ടുള്ളത്. യാത്രക്കാരുടെ തിരക്ക് അനുസരിച്ചാണ് കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി ഡിപ്പോകളിൽ നിന്ന് സർവീസുകൾ. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ എന്നിവടങ്ങളിലേക്ക് കോട്ടയത്ത് നിന്ന് അധിക സർവീസ് ഉണ്ടാകും. സ്ഥിരം ഷെഡ്യൂളുകൾ ഓണക്കാലത്ത് മുടക്കം കൂടാതെ നടത്തും. പാലാ, ഈരാറ്റുപേട്ട, പൊൻകുന്നം, എരുമേലി ഡിപ്പോകളിൽ നിന്നായി പതിനഞ്ചോളം അധിക സർവീസുകൾ നടത്തും. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. പാലാ ബ്രില്ല്യൻസ് കോളേജിലെ വിദ്യാർത്ഥികൾക്കായി 6 ന് പ്രത്യേക സർവീസുകൾ ഉണ്ടാകും. തൃശൂർ, എറണാകുളം, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളിലേക്കായി നാൽപ്പതോളം സർവീസുകളാണുള്ളത്. തിരുവോണ ദിവസം ഉച്ചയ്ക്ക് ശേഷവും സർവീസ് നടത്തും. നെഹൃ ട്രോഫി വള്ളംകളി പ്രമാണിച്ച് ആലപ്പുഴയിലേക്കുള്ള എല്ലാ സർവീസുകളും 4 ന് നടക്കും. മണർകാട് പള്ളിപെരുന്നാളിനോടനുബന്ധിച്ച് കോട്ടയത്ത് നിന്ന് 16 ബസുകൾ പ്രത്യേക സർവീസ് നടത്തും.