കോട്ടയം : നീലിമംഗലം പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയ ആളെ രക്ഷപ്പെടുത്തി. എറണാകുളം വല്യമറ്റം കിഷോർ (53) നെയാണ് പ്രദേശവാസികൾ രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ 11.45 ഓടെയാണ് സംഭവം. എം.സി റോഡിലൂടെ എത്തിയ ഇയാൾ പാലത്തിന്റെ കൈവരിയിൽ കയറി നിന്ന ശേഷം ആറ്റിലേയ്ക്ക് ചാടുകയായിരുന്നു. നീന്തലറിയാവുന്ന ഇയാൾ ആറ്റിലൂടെ നീന്തി ചെമ്മനംപടി ഭാഗത്ത് എത്തി. ഈ സമയം ആറിന്റെ തീരത്ത് നിന്നിരുന്ന യുവാക്കളാണ് വെള്ളത്തിലൂടെ ഒഴുകി വരുന്നയാളെ കണ്ടത്. പ്രദേശവാസികളായ സിറാജ്, സിയാദ്, ഗൗതം എന്നിവർ ചേർന്ന് ആറ്റിലിറങ്ങി ഇയാളെ കരയ്ക്ക് കയറ്റി. ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.