പാലാ : മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയന് രണ്ട് കോടി 28 ലക്ഷം രൂപയുടെ ബഡ്ജറ്റ്. ഇന്നലെ യൂണിയന്റെ 85ാമത് വാർഷിക സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി ഉഴവൂർ വി.കെ.രഘുനാഥൻ നായരാണ് ബജറ്റ് അവതരിപ്പിച്ചത്. യൂണിയൻ പ്രസിഡന്റ് സി.പി.ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യക്ഷേമ പദ്ധതികൾക്ക് മുൻതൂക്കം നൽകിയുള്ള ബഡ്ജറ്റിൽ ഭവന നിർമ്മാർണം, ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന യൂണിയൻ ആസ്ഥാന മന്ദിരത്തിന്റെ ഈ വർഷത്തെ പണികൾക്കായി 2 കോടി രൂപാ ബഡ്ജറ്റിൽ നീക്കിവച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ചികിത്സ, വിവാഹം എന്നിവയ്ക്ക് പ്രത്യേക ധനസഹായം ചെയ്യുന്നതിന് യൂണിയൻ നടപ്പാക്കിയിട്ടുള്ള 'ശ്രീ പത്മനാഭം' പദ്ധതിയ്ക്ക് 5 ലക്ഷം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചർച്ചയിൽ കെ.ബി. സതീഷ് കുമാർ, സതീഷ് കല്ലക്കുളം, ഡോ.ബി.വേണുഗോപാൽ, രാജു തിരുമംഗലം, ഉല്ലാസ്പടിഞ്ഞാറ്റിൻകര, ശ്യാം പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
ശ്രീപത്മനാഭം പദ്ധതിയിലേക്ക് ഓരോ കരയോഗവും പ്രതിവർഷം കുറഞ്ഞത് 5000 രൂപാ നൽകണമെന്ന പ്രമേയം യോഗം അംഗീകരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് രാമപുരം പി.എസ്.ഷാജികുമാർ സ്വാഗതവും, ഇൻസ്‌പെക്ടർ കെ.എൻ.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.