പാലാ : ''മൂന്നരലക്ഷം രൂപാ ഞാൻ ചോദിച്ചു എന്നുള്ളത് ശരിയാണ്. ഞാൻ താമസിക്കുന്ന കോളനിക്കകത്തേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനാണിത് ചോദിച്ചത്. അത് തെറ്റാണോ. ചോദിക്കുന്നത് അടുത്തിടെ സമൂഹമാദ്ധ്യമത്തിലെ വോയ്സ് ക്ലിപ്പിലൂടെ വിവാദനായകനായ കൊഴുവനാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷാണ്. പെട്ടി ഓട്ടോ ഓടിച്ചാണ് ഞാൻ ഉപജീവനം നടത്തുന്നത്. കോളനിയിലാണ് താമസം. എന്നാൽ പഞ്ചായത്ത് ഭരണസമിതിയിൽ എത്തിയപ്പോൾ ഓട്ടോ ഓടിക്കാനുള്ള സമയം കിട്ടാത്ത അവസ്ഥയായി. ഭാര്യയ്ക്കാണെങ്കിൽ ജോലിയുമില്ല. ഗവ. ജോലി കിട്ടാൻ സാദ്ധ്യതയുമില്ല. തിരഞ്ഞെടുപ്പ് നാളിൽ ആരുടെയെങ്കിലും പരിചയം വച്ച് പതിനയ്യായിരം രൂപയെങ്കിലും കിട്ടുന്ന ഒരു ജോലി റെഡിയാക്കി തരാമെന്ന് പലരും പറഞ്ഞിരുന്നു. അത് നടക്കാതെ വന്നതിൽ മനോവിഷമം ഉണ്ടായി. ഒപ്പം വീട്ടുചെലവുകളും വർദ്ധിച്ചു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ മാത്രമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഞാൻ മെസേജ് ഇട്ടത്. ഭരണസമിതി അംഗങ്ങളുമായി ഒത്തൊരുമിച്ച് നല്ല രീതിയിൽ പ്രവർത്തിച്ചു പോന്നെങ്കിലും ചില കാര്യങ്ങളിൽ പ്രസിഡന്റുമായി അഭിപ്രായ വ്യത്യാസം ഉണ്ടായെന്നും അപ്പോഴുണ്ടായ മനോവിഷമത്തിൽ പുറത്താരും അറിയില്ലല്ലോ എന്നോർത്താണ് ഭരണസമിതി അംഗങ്ങളുടെ ഗ്രൂപ്പിൽ വോയ്സ് മെസേജ് ഇട്ടതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാർഡിൽ കൂടുതലായി അനുവദിക്കാമെന്ന് പറഞ്ഞിരുന്ന 3.50 ലക്ഷം രൂപ അനുവദിക്കാത്ത കാര്യമാണ് താൻ പരാമർശിച്ചത്. എന്റെ ശബ്ദ സന്ദേശം തെറ്റിദ്ധാരണ പരത്തിയതിൽ എനിക്ക് വിഷമമുണ്ട്. ഇത് ചിലർ എന്നോടുള്ള വ്യക്തിവൈരാഗ്യം തീർക്കാനും ഇടതുമുന്നണിയെ കരിവാരിതേക്കാനും ഉപയോഗിച്ചു. ഈ മെസേജ് ഭരണസമിതിയിലുളള ആരും പുറത്തുവിടുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും രാജേഷ് പറഞ്ഞു.