രാമപുരം : സ്‌കൂളിന് മുന്നിലെ ഈ ഓട തകർന്നിട്ട് ദിവസമെത്രയായി. കുട്ടികൾ ഈ വാരിക്കുഴിയിൽ വീഴാൻ കാത്തിരിക്കുകയാണോ പൊതുമരാമത്ത് വകുപ്പ്. രാമപുരം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിലേക്ക് കയറുന്ന പ്രധാന ഗേറ്റിന് മുന്നിലെ ഓടയാണ് അപകടഭീഷണി ഉയർത്തുന്നത്. രണ്ടാഴ്ച മുമ്പ് ഭാരവാഹനം റോഡിനോട് സൈഡ് ചേർത്തപ്പോഴാണ് ഓട ഇടിഞ്ഞത്. വശങ്ങളിലെ സംരക്ഷണഭിത്തി ഇടിഞ്ഞ് സ്ലാബുകൾ പൊട്ടി ഓടയ്ക്കുള്ളിൽ വീഴുകയായിരുന്നു. നിരവധി വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് കയറുന്നത് ഇതുവഴിയാണ്. നാല് വീപ്പ നിരത്തി ഒരു നാട വലിച്ചുകെട്ടിയത് മാത്രം മിച്ചം.
കഴിഞ്ഞദിവസം തകർന്ന ഓടയിലേക്ക് കാർ നിയന്ത്രണം വിട്ട് വീണു. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് കാർ റോഡിലേക്ക് ഉയർത്തിവച്ചത്. രാവിലെ നിരവധിയാളുകൾ പ്രഭാത സവാരിക്ക് ഉപയോഗിക്കുന്ന വഴിയാണിത്. റോഡിന് ഓരംചേർന്ന് വരുന്നവർ എതിരെ വാഹനം വരുമ്പോൾ പെട്ടെന്ന് വശത്തേക്ക് മാറും. അങ്ങനെ അറിയാതെ ഓടയിൽ വീണ് പരിക്കേറ്റവരും നിരവധി.
അറിയിക്കേണ്ടവരെ അറിയിച്ചു, പക്ഷെ...
ഓട തകർന്ന ദിവസം തന്നെ സ്‌കൂൾ അധികൃതർ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചതാണ്. എന്നിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ തിരിഞ്ഞുനോക്കിയില്ല. ഓണം അവധിക്ക് സ്‌കൂൾ അടയ്ക്കാൻ ഈ ആഴ്ചകൂടിയുണ്ട്. എത്രയും വേഗം അപകടഭീഷണി ഒഴിവാക്കി തരണമെന്നാണ് സ്കൂളിന്റെ അഭ്യർത്ഥന.
സ്‌കൂളിൽ പരീക്ഷ നടക്കുന്ന സമയമായതിനാൽ രണ്ട് ദിവസത്തിനുള്ളിൽ പുതിയ സ്ലാബിട്ട് ഓട പുതുക്കി പണിയണം. ഇത് സംബന്ധിച്ച് പി.ഡബ്ല്യു.ഡി അധികാരികളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു
ഷൈനി സന്തോഷ്, രാമപുരം പഞ്ചായത്ത് പ്രസിഡന്റ്