ചിറക്കടവ്: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കൊമ്പന്മാരിൽ പ്രമുഖനായ ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ആന തിരുനീലകണ്ഠന് ചിറക്കടവ് ആനപ്രേമിസംഘം ശങ്കരനാരായണ പ്രിയൻ പട്ടം സമർപ്പിച്ചു. കസവ് മുണ്ടും കഴുത്തിൽ മാലയും ലോക്കറ്റും അണിയിച്ചു. ചടങ്ങിന്റെ ഭാഗമായി ഗജപൂജയും ആനയൂട്ടും നടത്തി.
തിരുനീലകണ്ഠന്റെ പാപ്പാൻ ജി.സാബുവിന് ശില്പി ചിറക്കടവ് പടിയപ്പള്ളിൽ പി.ആർ അജി നിർമ്മിച്ച ആനശില്പം സമ്മാനിച്ചു. മേൽശാന്തി പെരുന്നാട്ടില്ലം വിനോദ് നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു പൂജകൾ. ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ ജയകുമാർ, ദേവസ്വം ബോർഡിന്റെ വെറ്ററിനറി സർജൻ ഡോ.ബിനു ഗോപിനാഥ്, മഹാദേവ സേവാസംഘം സെക്രട്ടറി പി.പ്രസാദ്, ആനപ്രേമിസംഘം ഭാരവാഹികളായ എം.ഒ.അരുൺ, വൈശാഖ് നമ്പൂതിരി, അശ്വിൻ സാബു, ജോമോൻ സാബു, അഖിൽ എം.പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രം: ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ആനപ്രേമിസംഘത്തിന്റെ ശങ്കരനാരായണപ്രിയൻ പട്ടം കൊമ്പൻ തിരുനീലകണ്ഠന് സമർപ്പിച്ചപ്പോൾ.
തിരുനീലകണ്ഠന്റെ പാപ്പാൻ ജി.സാബുവിന് ശില്പി പി.ആർ.അജി നിർമ്മിച്ച ശില്പം സമ്മാനിച്ച് ആദരിക്കുന്നു.