പാലാ: നിരാലംബരായ നിരവധിയാളുകളുടെ അഭയ കേന്ദ്രമായ പാലാ മരിയസദനത്തിന് രാജി മാത്യു ആന്റ് കമ്പനി നിർമ്മിച്ചു നൽകിയ സ്‌നേഹമന്ദിരത്തിന്റെ സമർപ്പണം സെപ്തംബർ മൂന്നിന് നടക്കും. മൂന്നിന് വൈകുന്നേരം നാലിന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്‌നേഹമന്ദിരത്തിന്റെ വെഞ്ചരിപ്പ് നിർവഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ, മാർ ജോസഫ് സ്രാമ്പിക്കൽ, ജോസ് കെ. മാണി എം.പി, മാണി സി.കാപ്പൻ എം.എൽ.എ, ഇടുക്കി കളക്ടർ ഷീബാ ജോർജ്, പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, അഡ്വ. നാരായണൻ നമ്പൂതിരി, മോൺ. ജോസഫ് മലപ്പറമ്പിൽ, ഫാ. ജോർജ് പഴയപറമ്പിൽ, പി.യു തോമസ് (നവജീവൻ കോട്ടയം), വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും. കഴിഞ്ഞ മൂന്ന് വർഷക്കാലമായി രാജി മാത്യു ആൻഡ് കമ്പനിയുടെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത് പാലാ മരിയസദനത്തിലാണ്. ''ലോർഡ്‌സ് ഹോസ്പിക്'' എന്ന പേരിലാണ് പാലാ മരിയസദനത്തിൽ കമ്പനി ആതുരശുശ്രൂഷാ കേന്ദ്രം നിർമ്മിച്ച് നൽകിയത്. രാജിയുടെ മാതാപിതാക്കളുമായ പി.എസ്. മാത്യുവിന്റെയും അച്ചാമ്മ മാത്യുവിന്റെയും സ്മരണക്കായാണ് കെട്ടിടം നിർമ്മിച്ച് നൽകിയത്. മൂന്ന് നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ നിലവിൽ കൺസൾട്ടേഷൻ റൂമുകൾ, സ്ത്രീകൾക്കും പുരുഷൻമാർക്കുമായി ഐസൊലേഷൻ വാർഡുകൾ, ലാബ്, ഫാർമസി എന്നിവ ഒരുക്കിയിട്ടുണ്ട്.