പാലാ: മെയിൻ റോഡിൽ നിന്ന് റിവർവ്യൂ റോഡിലേക്കുള്ള ഇട റോഡിലെ ഈ ഗർത്തം അധികാരികൾ കാണാതിരിക്കരുത്. ഇവിടെ റോഡിനടിയിലൂടെ വലിയൊരു ഓട മീനച്ചിലാറ്റിലേക്കുള്ളതും ഓർക്കണം. പുനലൂർ മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പാലാ മെയിൻ റോഡിൽ ബസ് സ്റ്റാൻഡിനോട് ചേർന്ന് റിവർവ്യൂ റോഡിലേക്കുള്ള വഴിയിലാണ് കഴിഞ്ഞ ദിവസം ഗർത്തം രൂപപ്പെട്ടത്. നാലഞ്ചുദിവസം മുമ്പ് കുഴിയുണ്ടായതാണ്. സമീപത്തെ വ്യാപാരികളിലാരോ ഇവിടെയൊരു വീപ്പ വലിച്ചിട്ട് അപകടമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതല്ലാതെ അധികാരികളാരും ഇവിടേയ്ക്ക് തിരിഞ്ഞുനോക്കിയിട്ടേയില്ല. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടറോഡിലൊന്നാണിത്. മെയിൻ റോഡിൽ നിന്നും റിവർവ്യൂ റോഡിലേക്ക് നീളുന്ന100 മീറ്റർ റോഡിലൂടെ നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. ഇതോടൊപ്പം സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി കാൽനടയാത്രക്കാരും കടന്നുപോകുന്ന വഴിയാണിത്. കഴിഞ്ഞ ദിവസം ഗർത്തത്തിൽ ഇരുചക്രവാഹനം മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റിരുന്നു.
നിരോധിച്ചു, പക്ഷേ?
ഭാരവാഹനങ്ങൾ ഇതുവഴി നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും വലിയ ടോറസുകളും മറ്റും ഓടുന്നുണ്ട്. ഇതും റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടും.
മെയിൻ റോഡിൽ നിന്ന് ഇടറോഡിലേക്ക് കടക്കുന്ന ഭാഗത്തെ ഗ്രില്ലുകൾ ഭാരവാഹനങ്ങൾ തുടർച്ചയായി ഓടിയതുമൂലം പലതവണ തകർന്നിരുന്നു. ഇതേ തുടർന്ന് പാലാ നഗരസഭ കൗൺസിൽ ഇതുവഴി ഭാരവാഹനങ്ങൾ ഓടാൻ പാടില്ലെന്ന തീരുമാനവും എടുത്തിരുന്നു. കുറെക്കാലം ഇതു പാലിച്ചു. എന്നാൽ ഇപ്പോൾ പഴയപടിയായി. വിഷയത്തിൽ നഗരസഭയുടെ അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണ്.