കോട്ടയം: നഗരത്തിലെ പ്രധാന പച്ചക്കറി മാർക്കറ്റായ കോടിമത പച്ചക്കറി മാർക്കറ്റ് ശോച്യാവസ്ഥയിൽ. കനത്തമഴയിൽ മാർക്കറ്റ് ചോർന്നൊലിക്കുന്ന നിലയിലാണ്. മേൽക്കൂര തകർന്നതിനെ തുടർന്ന് താത്ക്കാലികാശ്വാസമായി പ്ലാ​സ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയിരിക്കുകയാണ് വ്യാപാരികൾ. മഴ ആയാലും വെയിലായാലും കുട ചൂടി ഇരിക്കേണ്ട അവസ്ഥയിലാണ് മാർക്കറ്റിലെ വ്യാപാരികൾ. 2012ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാലത്താണ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. 130 ഓളം കടകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ജില്ലയിലേക്കുള്ള പച്ചക്കറി ലോഡുകൾ ദിനംപ്രതി എത്തുന്നതും ഇവിടേയ്ക്കാണ്.

ഓണത്തോടനുബന്ധിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ലോഡുകളും തിരക്കും അനുഭവപ്പെടുന്ന മാർക്കറ്റിലേക്ക് തിരിഞ്ഞുനോക്കാൻ പോലും ന​ഗരസഭ തയാറായിട്ടില്ല. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ശക്തമായ മഴയിൽ മാർക്കറ്റിന്റെ ഉള്ളിൽ വെള്ളം നിറയും. മേൽക്കൂര മാറ്റി നിർമ്മിക്കണമെന്ന് വ്യാപാരികൾ നഗരസഭാധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നാളിതുവരെ നടപടിയില്ല. ഇതിനെ തുടർന്ന് ചിലർ സ്വന്തം ചെലവിൽ മേൽക്കൂര മാറ്റി. മാർക്കറ്റിന് സമീപത്തുകൂടെയാണ് കൊടൂരാർ കടന്നുപോകുന്നത്. വെള്ളപ്പൊക്കത്തിൽ കൊടൂരാർ കരകവിഞ്ഞ് മാർക്കറ്റ് വെള്ളത്തിലാകുന്നതും പതിവാണ്.

വെല്ലുവിളിയായി മാലിന്യം

തൊട്ടടുത്തുള്ള നഗരസഭയുടെ മാലിന്യക്കൂമ്പാരവും വലിയ വെല്ലുവിളിയുയർത്തുന്നു. ചോർന്നൊലിക്കുന്ന വെള്ളം മാർക്കറ്റിനുള്ളിൽ കെട്ടിക്കിടക്കുന്നത് സാംക്രമിക രോഗങ്ങൾക്കും ഇടയാക്കുന്നു. മേൽക്കൂരയുടെ മുകളിലെ തകർന്ന ഷീറ്റുകളും ഇരുമ്പ് കമ്പികളും കൂടുതൽ അപകടഭീഷണി ഉയർത്തുന്നതായി വ്യാപാരികൾ പറയുന്നു.