വൈക്കം : പാചകരംഗത്ത് ''58'' മിനിറ്റിൽ ''33'' വ്യത്യസ്ഥമായ പാചകങ്ങൾ ചെയ്ത് വൈക്കം സന്തോഷ് ലിംഗാ ബുക്കിൽ ഇടംനേടി. മുന്ന് പതിറ്റാണ്ടായി പാചകരംഗത്ത് സജീവമാണ് വൈക്കം ടി.കെ.മാധവൻ സ്ക്വയറിൽ ബേക്കറി നടത്തുന്ന സന്തോഷ്. ഇതിനോടകം ഇന്ത്യാബുക്ക് ഓഫ് റെക്കോഡും, ബെസ്റ്റ് ഇന്ത്യാനാഷണൽ അവാർഡും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയിട്ടുണ്ട്.
വൈക്കം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പ്രസിഡന്റ് പി.ശിവദാസനും സെക്രട്ടറി റെജിയുടേയും നേതൃത്വത്തിൽ 100 ഓളം വരുന്ന ക്ഷണിക്കപ്പെട്ട സദസിൽ പതിനൊന്ന് ബർണറുകളുള്ള ഗ്യാസ് അടുപ്പിൽ നിന്നും മിക്സി, ഓവൻ, പ്രഷർ കുക്കർ എന്നിവയുടെ സഹായത്താൽ പാചകവിഭവങ്ങളായ ബിരിയാണി, പാലടപ്രഥമൻ, സാമ്പാർ, ചിക്കൻകറി, കാളൻ തുടങ്ങി തട്ടുകട വിഭവങ്ങൾ വരെ ഒന്നൊന്നായി നിമിഷങ്ങൾക്കുള്ളിൽ തയാറാക്കിയാണ് ലിംഗാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയത്. ഭാര്യ മായാ സന്തോഷും മക്കളായ ജിക്കു സന്തോഷ്, ഡിക്കു സന്തോഷ്, ജ്യോതിലക്ഷ്മി, ധ്യാൻ ജിക്കുവുമാണ് സന്തോഷിന്റെ ഉയർച്ചയുടെ പിന്നിലുള്ളത്. പാചകത്തിലൂടെ ഗിന്നസ് ബുക്കിൽ കയറിപ്പറ്റാനുള്ള തയാറെടുപ്പിലാണ് സന്തോഷ്.