അപകടങ്ങൾ പതിവ്, കണ്ണിമല വളവിൽ സുരക്ഷാ ക്രമീകരണങ്ങൾ പാളി

മുണ്ടക്കയം: ഇവിടെ എന്ത് സുരക്ഷ? കണ്ണിമല വളവിന്റെ കാര്യത്തിൽ യാത്രക്കാരും നാട്ടുകാരും ഒരേസ്വരത്തിൽ ഉയർത്തുന്ന ചോദ്യമാണ്.

അപകടങ്ങൾ തുടർക്കഥയാകുന്ന കണ്ണിമല വളവിൽ സുരക്ഷാ ക്രമീകരണങ്ങൾ പാളിയെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. മണ്ഡല മകരവിളക്ക് സീസൺ ആരംഭിക്കാൻ ഇനി രണ്ട് മാസം മാത്രം ബാക്കി നിൽക്കേ അപകടങ്ങൾ ഒഴിവാക്കാൻ പദ്ധതിവേണമെന്ന ആവശ്യം ശകതമാണ്. പൂഞ്ഞാർ - എരുമേലി സംസ്ഥാന പാതയുടെ ഭാഗമായ മുണ്ടക്കയം എരുമേലി റൂട്ടിൽ കണ്ണിമല മഠം പടിയിലാണ് അപകടകരമായ ഹെയർ പിൻ വളവ് സ്ഥിതി ചെയ്യുന്നത്.വളവും തിരിവും ഇറക്കവും നിറഞ്ഞ റോഡിൽ ഇറക്കം ആരംഭിക്കുന്ന സ്ഥലത്തും, കണ്ണിമല സ്കൂൾ കവലയിലും അപകട മുന്നറിയിപ്പ് സംവിധാനമുണ്ട്. പക്ഷേ, വലിയ തൂണിൽ സ്ഥാപിച്ചിരിക്കുന്ന ചുവപ്പ് വെളിച്ചം പ്രകാശിച്ചിട്ട് ഇപ്പോൾ നാളുകളായി. വൃക്ഷങ്ങളുടെ ശിഖരങ്ങൾ വളർന്ന് ബോർഡ് കാണാൻ കഴിയാത്ത നിലയിലുമാണ്. റോഡിൽ ഡിവൈഡറും പരമാവധി വേഗം കുറച്ച് പോകാൻ സുരക്ഷാ മാർഗവും ഇവിടെ അനിവാര്യമാണ്. മഴ ചെയ്ത് കഴിഞ്ഞാൽ ഇവിടെ ഇരുചക്ര വാഹനങ്ങൾ മറിയുന്നതും പതിവായി. വളവിൽ വാഹനങ്ങൾ ഇടിച്ചു ക്രാഷ് ബാരിയർ തകരുന്നതും നിത്യസംഭവമാണ്..

ഉറപ്പാണ് അപകടം

എല്ലാ ശബരിമല സീസണിലും കുറഞ്ഞത് അഞ്ച് അപകടങ്ങളെങ്കിലും ഇവിടെ പതിവാണ്. ശബരിമല സീസൺ കാലത്ത് ഇറക്കവും വളവും ആരംഭിക്കുന്ന കട്ടക്കളം ഭാഗത്ത് പൊലീസ് ക്യാമ്പ് ചെയ്ത് വാഹനങ്ങളുടെ വേഗം കുറച്ച് വിടുന്നത് മാത്രമാണ് ഇവിടെ ആകെ സ്വീകരിക്കുന്ന മുൻകരുതൽ. അമിത വേഗത്തിൽ എത്തിയ വാഹനമിടിച്ച് കാൽനടയാത്രക്കാരിക്ക് ജീവൻ നഷ്ടമായിരുന്നു.