ksrtc

കോട്ടയം . കെ എസ് ആർ ടി സിയുടെ ഏകദിന ഉല്ലാസയാത്ര ഇരുകൈയുംനീട്ടി സ്വീകരിച്ച് യാത്രക്കാർ. കുറഞ്ഞ ചെലവിൽ വ്യത്യസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാമെന്നതാണ് പദ്ധതിയെ ജനകീയമാക്കുന്നത്. യുവതീ യുവാക്കളും കുടുംബങ്ങളും വിനോദയാത്രയുടെ ഭാഗമാകുന്നുണ്ട്. കോട്ടയം ഡിപ്പോയിൽ നിന്ന് നിരവധി സ്ഥലങ്ങളിലേക്കാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കൊവിഡിൽ തകർന്ന ടൂറിസം മേഖലയെയും കെ എസ് ആർ ടി സിയേയും കരകയറ്റുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ നവംബറിൽ പദ്ധതി ആരംഭിച്ചത്.

മലക്കപ്പാറയ്ക്കായിരുന്നു ആദ്യ സർവീസ്. 24 ട്രിപ്പുകൾ ഇതുവരെ നടത്തി. അഞ്ചര ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചു. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമാണ് ട്രിപ്പ്. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് ഒരു മാസം 6,7 ട്രിപ്പുകൾ നടത്തും. എല്ലാ ട്രിപ്പിലും സ്ഥിരമായി പങ്കെടുക്കുന്നവരുമുണ്ട്. ഭക്ഷണത്തിന്റെയും പ്രവേശന പാസുകളുടെയും ചെലവ് യാത്രക്കാർ വഹിക്കണം. മലക്കപ്പാറ, ഭൂതത്താൻ കെട്ട്, തട്ടേക്കാട്, പൂയംകുട്ടി, ഇഞ്ചത്തൊട്ടി, മൺറോതുരുത്ത്, സാംബ്രാണിക്കൊടി, മൂന്നാർ എന്നിവിടങ്ങളിലേക്ക് ഇതിനോടകം സർവീസ് നടത്തി. ഞായറാഴ്ച മലക്കപ്പാറ ട്രിപ്പിൽ നിന്ന് 29,520 രൂപ വരുമാനം ലഭിച്ചു. ഒരു ട്രിപ്പിൽ 50 പേർക്കാണ് അവസരം.

അഞ്ചുരുളിയിലേക്ക് ആദ്യ സർവീസ്.

ഏകദിന ഉല്ലാസയാത്രയുടെ ഭാ​ഗമായി കോട്ടയത്ത് നിന്ന് അഞ്ചുരുളിയിലേക്ക് ആദ്യ യാത്ര 4ന് പുറപ്പെടുംം. ഒരാൾക്ക് 580 രൂപയാണ് നിരക്ക്. രാവിലെ 5.30ന് പുറപ്പെട്ട് വൈകിട്ട് ഒമ്പതോടെ തിരിച്ചത്തും. ചെറുതോണി ഡാം, ഇടുക്കി ഡാം, അയ്യപ്പൻകോവിൽ, മൊട്ടക്കുന്നുകൾ, കാൽവരി മൗണ്ട്, കോലാഹലമേട് തുടങ്ങിയ സ്ഥലങ്ങൾ കാണാം. 9495876723 എന്ന നമ്പറിൽ ബുക്ക് ചെയ്യാം. പഞ്ചപാണ്ഡവ ക്ഷേത്രദർശനം 10 നാണ്. 830 രൂപയാണ് നിരക്ക്. യാത്രയുടെ ഭാ​ഗമായി 44 കൂട്ടം വിഭവങ്ങളടങ്ങിയ വള്ളസദ്യയും ഒരുക്കിയിട്ടുണ്ട്.