
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽവേട്ട തുടരുന്നു. മൂന്ന് സ്വർണമുൾപ്പടെ ആറുമെഡലുകളാണ് രാജ്യം ഇതുവരെ നേടിയത്. ആറ് മെഡലുകളും ഭാരോദ്വഹനത്തിൽ നിന്നാണ് ഇന്ത്യ സ്വന്തമാക്കിയത്.
പുരുഷന്മാരുടെ 67 കിലോ വിഭാഗത്തിൽ 19കാരൻ ജെറമി ലാൽ റിന്നുംഗയും 73 കിലോ വിഭാഗത്തിൽ അചിന്ത ഷിയൂലിയും ഇന്നലെ സ്വർണം നേടിയിരുന്നു. സ്നാച്ചിൽ 143കിലോയും ക്ളീൻ ആൻഡ് ജർക്കിൽ 170കിലോയും ഉൾപ്പടെ ഗെയിംസ് റെക്കാഡായ 313 കിലോ ഉയർത്തിയാണ് അചിന്ത സ്വർണം സ്വന്തമാക്കിയത്.
വനിതകളുടെ 49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവാണ് ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയത്. പുരുഷൻമാരുടെ 55 കിലോ ഗ്രാം വിഭാഗത്തിൽ സങ്കേത് സർഗർ വെള്ളി നേടിയപ്പോൾ 61കിലോഗ്രാം വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലവും സ്വന്തമാക്കി.55 കിലോ ഗ്രാം വനിതാ വിഭാഗം ഭാരോദ്വഹനത്തിൽ ബിന്ധിയ റാണി ദേവി ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയിരുന്നു.