
കൊച്ചി: ഹോട്ടലുകൾക്കും വ്യാവസായിക ആവശ്യത്തിന് എൽ.പി.ജി ഉപയോഗിക്കുന്നവർക്കും ആശ്വാസം പകർന്ന് പാചകവാതക വില കുറച്ചു. സിലിണ്ടർ ഒന്നിന് 36 രൂപയാണ് കുറച്ചത്.
വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതിയ വില ഇതോടെ 1991 രൂപയായി. അതേസമയം വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
രാജ്യത്തൊട്ടാകെ ഇന്ധനവില വർദ്ധനവിൽ പ്രതിഷേധം തുടരുകയാണ്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക്സഭയിൽ പലതവണ ബഹളം ഉയർത്തിയിരുന്നു. എന്നാൽ പാചക വാതകം ലോകരാജ്യങ്ങളിൽ തന്നെ ഏറ്റവും വിലകുറവുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ മാസം ആദ്യം എൽ.പി.ജി വില സിലിണ്ടറിന് അമ്പത് രൂപ വർദ്ധിച്ചതോടെയാണ് വിലക്കയറ്റത്തിനെതിരെ പ്രതിഷേധം ആരംഭിച്ചത്. ലോകരാജ്യങ്ങളുടെ കണക്കെടുത്ത് പരിശോധിച്ചാൽ ഇന്ത്യയിൽ എൽ.പി.ജി വില ഏറ്റവും കുറവാണെന്ന് പ്രകൃതി വാതക മന്ത്രി പറഞ്ഞിരുന്നു. വിവിധ രാജ്യങ്ങളിലെ എൽ.പി.ജി വിലയും അദ്ദേഹം പുറത്ത് വിട്ടിരുന്നു.