sambaranikodi

കൊല്ലം: സാമ്പ്രാണിക്കോടി തുരുത്തിൽ സ്വീകരിക്കേണ്ട സാങ്കേതിക നടപടികളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ തെന്മല ഇക്കോ ടുറിസം പ്രമോഷൻ സൊസൈറ്റി (ടെപ്സ്). പഠന റിപ്പോർട്ട് വേഗത്തിൽ തന്നെ ടൂറിസം വകുപ്പിന് സമർപ്പിച്ച് തുരുത്ത് പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാക്കുകയാണ് ലക്ഷ്യം. നിയമസഭാസമിതിയുടെ സന്ദർശനത്തെത്തുടർന്ന് സാമ്പ്രാണിക്കോടി തുരുത്ത് സംരക്ഷണ നടപടിയുടെ ഭാഗമായി കളക്ടർ, ഡി.ടി.പി.സി സെക്രട്ടറി എന്നിവർ ഉൾപ്പെട്ട സാങ്കേതിക സമിതിക്ക് രൂപം നൽകിയിരുന്നു. തുടർന്ന് സാങ്കേതിക സമിതി പഠനത്തിനായി ടെപ്സിനെ ചുമത്തപ്പെടുത്തുകയായിരുന്നു.

ഒരേ സമയം എത്ര സഞ്ചാരികളെ വരെ ഉൾക്കൊള്ളാൻ കഴിയും, തുരുത്ത് സംരക്ഷണത്തിന് സ്വീകരിക്കേണ്ട നടപടികൾ, അഷ്ടമുടിയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള നടപടികൾ, സഞ്ചാരികളുടെയും ബോട്ടുകളുടെയും നിയന്ത്രണം, തുരുത്തുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുടെ സംരക്ഷണം എന്നിവയെല്ലാം പഠനവിധേയമാകും. റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാകും തുടർനടപടികൾ. സാമ്പ്രാണിക്കോടി തുരുത്ത് ഉൾപ്പെടെ സഞ്ചാരികളെത്തുന്ന എല്ലാ സ്ഥലങ്ങളും ജില്ലാ ടുറിസം പ്രമോഷൻ കൗൺസിലിന്റെ (ഡി.ടി.പി.സി) നിയന്ത്രണത്തിലാക്കുകയും സർക്കാർ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികളും റിപ്പോർട്ടിന്റെ ഭാഗമായിരിക്കും.

ഫെൻസിംഗിന് സാദ്ധ്യതയില്ല

റാംസർ ഉടമ്പടിയിലൂടെ സംരക്ഷിത നീർത്തട പട്ടികയിൽ ഇടംനേടിയ ജലാശയമാണ് അഷ്ടമുടിക്കായൽ. അതുകൊണ്ട് തന്നെ തുരുത്ത് സംരക്ഷിക്കുന്നതിനായി ചുറ്റും ഫെൻസിംഗ് (സംരക്ഷിത വേലി) സ്ഥാപിക്കുന്നത് സാദ്ധ്യമായേക്കില്ല. അതിന് പകരം ഏത് രീതിയിൽ സംരക്ഷണം സാദ്ധ്യമാക്കാൻ കഴിയുമെന്നതും പഠനവിഷയമാണ്. നിരവധി ആശയങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും അവയൊന്നും ശാശ്വതമായ പരിഹാരമല്ലെന്ന വിലയിരുത്തലിലാണ് സാങ്കേതിക സമിതി അധികൃതർ.

നിയന്ത്രണം നീളും

1. സാങ്കേതിക പഠനറിപ്പോർട്ടിന് ശേഷം മാത്രം സഞ്ചാരഅനുമതി

2. തുരുത്തിന്റെ നിയന്ത്രണം പൂർണമായും ടൂറിസം വകുപ്പിലാക്കും

3. സഞ്ചാരികൾക്കും യാനങ്ങൾക്കും നിയന്ത്രണം വരും

4. റിപ്പോർട്ട് പ്രതികൂലമായാൽ മറ്റ്‌ നടപടികൾ

5. ബോട്ടുകളുടെ രജിസ്‌ട്രേഷൻ, പെർമിറ്റ്, ഡോക്കിംഗ് എന്നിവ പരിശോധിക്കും

6. ഓണത്തിന് മുമ്പ് തുറക്കാൻ ശ്രമിക്കുമെന്ന് അധികൃതർ

7. തുരുത്തിനുള്ളിലെ കച്ചവടം പൂർണമായും ഒഴിവാകും