dukku

പൊൻകുന്നം. കേരളമണ്ണിലും പച്ചപിടിക്കുമെന്ന് തെളിയിച്ച് ഡുക്കു. തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പ്രധാനമായും, ഇൻഡോനേഷ്യയിൽ കണ്ടുവരുന്ന ഡുക്കു എന്ന പഴച്ചെടി നിറയെ പഴങ്ങളുമായി പനമറ്റത്ത് കൗതുകക്കാഴ്ചയായി. പനമറ്റം വാഴക്കമലയിൽ ജെറി റോബർട്ടിന്റെ വീട്ടിലാണ് ഡുക്കു കായ്ച്ചത്. മഞ്ഞ നിറത്തിൽ കുലകളായി ചെറുകായകൾ പഴുത്ത് പാകമായി. ജൂൺ മാസം ആദ്യം പൂവിട്ട് ജൂലായ് അവസാനത്തോടെയാണ് പഴം പാകമായത്. മൂന്നുസെന്റീമീറ്റർ വലുപ്പമുള്ള കായകൾ നിറഞ്ഞ കുലകൾ ശിഖരങ്ങളിലാണുണ്ടാവുക.


ലാൻസിയം ഡൊമെസ്റ്റികം എന്ന് ശാസ്ത്രീയ നാമമുള്ള ഡുക്കു മുപ്പതടിയിലേറെ ഉയരത്തിൽ വളരുന്ന ഫലവൃക്ഷമാണ്. പുറമേയുള്ള കട്ടി കുറഞ്ഞ തൊലി നീക്കി വെള്ളനിറത്തിൽ ചെറു അല്ലികളോടെയുള്ള ഭാഗമാണ് കഴിക്കുന്നത്. മധുരവും ചെറിയ പുളിയുമാണ് രുചി. പഴത്തിന്റെ ഉള്ളിലെ ചെറിയ വിത്ത് നട്ടു പിടിപ്പിക്കാം. ഈ വിദേശി ഇനം ഫലവൃക്ഷം എട്ടുവർഷം മുൻപ് ജെറിയുടെ അമ്മാവൻ വാഴവേലി ജോഷി സമ്മാനിച്ചതാണ്. ഗുണങ്ങൾ ഏറെ ഉള്ള ഈ പഴത്തിന് നമ്മുടെ നാട്ടിൽ ഇപ്പോൾ പ്രചാരം ഏറി വരുന്നുണ്ട്. തരക്കേടില്ലാത്ത വിലയും കിട്ടും.