ഹരിപ്പാട് ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മൂന്ന് പോക്കറ്റുള്ള ഷർട്ടും മഞ്ഞ ഷൂവും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം ചടങ്ങിനെത്തിയത്.

mammootty

' ഇത്രയും ആളുകളെ ഒന്നിച്ചുകാണാൻ കിട്ടുന്നത് ഭയങ്കര സന്തോഷമാണ്. നിങ്ങളെ കാണുമ്പോൾ എനിക്കും സന്തോഷം, എന്നെക്കാണുമ്പോൾ നിങ്ങൾക്കും സന്തോഷം. ഈ സന്തോഷം പങ്കിടുന്ന നിമിഷത്തിൽ ഒന്നോർക്കാം, ഈ സ്ഥാപനം നന്നായി വരട്ടെ.'- മമ്മൂട്ടി പറഞ്ഞു.

ആലപ്പുഴ എംപി എ എം ആരിഫ്, ഹരിപ്പാട് എം എൽഎ രമേശ് ചെന്നിത്തല എന്നിവരും ചടങ്ങിനെത്തിയിരുന്നു. പരിപാടിക്കിടെ മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് രമേശ് ചെന്നിത്തല വെളിപ്പെടുത്തി. 'ഞാൻ ഇദ്ദേഹത്തെ ഈ മണ്ണിലേക്ക് സ്വാഗതം ചെയ്യുകയാണ്. എന്റെ മകന്റെ വിവാഹം ഒരമ്മാവന്റെ സ്ഥാനത്തുനിന്ന് നടത്തി തന്ന ആളാണ് മമ്മൂട്ടി. വളരെ വ്യക്തിപരമായി വർഷങ്ങളുടെ ആത്മബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്.'- അദ്ദേഹം പറഞ്ഞു.


മമ്മൂട്ടിയെ കാണാൻ നൂറ് കണക്കിനാളുകളാണ് സ്ഥലത്തെത്തിയത്. ഇതോടെ ഗതാഗതം സ്തംഭിച്ചു. തുടർന്ന് ജനങ്ങളെ നിയന്ത്രിക്കാൻ മമ്മൂട്ടിക്ക് തന്നെ ഇടപെടേണ്ടി വന്നു. 'ഇത്രയും നേരം നമ്മൾ റോഡ് ബ്ലോക്ക് ചെയ്ത് നിർത്തിയേക്കുകയാണ്. അതുകൊണ്ട് വേഗം ഈ പരിപാടി തീർത്ത് പോയാലേ ഒരുപാട് അത്യാവശ്യക്കാർക്ക് പോകാനാകൂ. നമ്മൾ സന്തോഷിക്കുന്നവരായിരിക്കും. പക്ഷേ അവർ ഒരുപാട് ആവശ്യമുള്ളവരായിരിക്കും.അതുകൊണ്ട് ഞാൻ ഈ പരിപാടി തീർത്ത് വേഗം പോകുകയാണ്. നിങ്ങളെ വീണ്ടും കാണാം.'- മമ്മൂട്ടി പറഞ്ഞു.