
നോയിഡ: സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍ വീണ് യു.പിയിലെ ബി.ജെ.പി എം.എൽ.എയ്ക്ക് പരിക്ക്. സൈക്കിള്‍ സവാരിക്കിടെയാണ് ബി.ജെ.പി നേതാവും ജെവാര്‍ എം.എല്‍.എയുമായ ധീരേന്ദ്ര സിംഗിന് പരിക്കേറ്റത്. കിഷോര്‍പുര്‍ ഗ്രാമത്തിന് സമീപം ശനിയാഴ്‌ച രാത്രി 7.30- ഓടെയുണ്ടായ അപകടത്തിലാണ് 55 കാരനായ എം.എൽ.എയ്ക്ക് പരിക്കേറ്റത്.
'എം.എൽ.എ പതിവ് സൈക്കിളിംഗിന് പുറത്ത് പോയതാണ്. ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. വെള്ളംനിറഞ്ഞ ഒരു കുഴിയിലേക്ക് സൈക്കിള്‍ വീഴുകയായിരുന്നു. കൈമുട്ടിന് സാരമായി പരിക്കേറ്റ എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു'- എം.എൽ.എയുടെ അനുയായി പറഞ്ഞു.
കൈമുട്ടിന് പൊട്ടലുണ്ടായിരുന്നതിനെ തുടർന്ന് എം.എൽ.എയെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. ഫിറ്റ്നസ് പ്രേമിയായ ധീരേന്ദ്ര സിംഗ് ജെവാറിൽ നിന്ന് രണ്ട് തവണ എം.എൽ.എയായിട്ടുണ്ട്. ജെവാറിൽ വരാനിരിക്കുന്ന ഗ്രീൻഫീൽഡ് നോയിഡ ഇന്റർനാഷണൽ എയർപോർട്ടിനായി ഗ്രാമവാസികളുമായി ഭൂമി ഏറ്റെടുക്കൽ ചർച്ചകളിൽ പ്രധാന പങ്കുവഹിച്ച എം.എൽ.എയാണ് ധീരേന്ദ്ര സിംഗ്.