
കോട്ടയം. മുള്ളൻപന്നി ശല്യം ജില്ലയിൽ രൂക്ഷമാകുന്നു. വിവിധ പ്രദേശങ്ങളിൽ ഇതുമൂലം വൻതോതിലാണ് കൃഷിനാശം നേരിടുന്നത്. തിടനാട്, കങ്ങഴ, മണിമല, പാമ്പാടി, തീക്കോയി എന്നിവിടങ്ങളിലാണ് ശല്യം കൂടുതൽ. ആദ്യകാലത്ത് കാട്ടുപന്നിശല്യമായിരുന്നു ഈ പ്രദേശങ്ങളിലുണ്ടായിരുന്നത്. മുള്ളൻപന്നിശല്യം ഒറ്റപ്പെട്ട നിലയിലേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അടുത്തകാലത്ത് ഇവയുടെ ശല്യം കൂടുതലായി.
ചേന,കപ്പ,വാഴ,പച്ചക്കറികൾ തുടങ്ങിയ വിളകളാണ് ഇവ കൂടുതലായും നശിപ്പിക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകർ ഇതോടെ പ്രതിസന്ധിയിലായി. വില കൂടിയതോടെ അടുത്തിടെ കപ്പ, വാഴ എന്നിവ കർഷകർ കൂടുതലായി കൃഷിയിറക്കിയിരുന്നു. ഇവയെല്ലാം കൂട്ടത്തോടെ എത്തുന്ന മുള്ളൻപന്നികൾ നശിപ്പിക്കുകയാണ്.
മുള്ളൻപന്നിയെ കൊല്ലാൻ സാധിക്കാത്തതിനാൽ കൂട് വച്ച് പിടിക്കുക മാത്രമേ പോംവഴിയുള്ളൂ. വനം വകുപ്പാണ് ഇതിനു നടപടി സ്വീകരിക്കേണ്ടത്. റബർ തോട്ടങ്ങളും മറ്റ് പുരയിടങ്ങളും കാട് മൂടിയതോടെയാണ് കാട്ടുപന്നി, മുള്ളൻ പന്നി ശല്യം ഏറിയത്.